മീൻമുട്ടി ടൂറിസം കേന്ദ്രത്തിലെ ഫൈബർ ബോട്ട് കടത്ത് തടഞ്ഞു
text_fieldsപാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിന്ന് ഉപകരണങ്ങൾ കൊണ്ടുപോകുന്നത് പഞ്ചായത്ത് അംഗങ്ങൾ ചേർന്നു തടഞ്ഞു. ഇവിടെ നിന്ന് അറ്റകുറ്റ പണിക്കെന്ന് പറഞ്ഞാണ് നാല് ഫൈബർ ബോട്ടുകൾ കുമളിയിലേക്ക് കൊണ്ടുപോകാൻ അധികൃതരെത്തിയത്. വാർഡ് മെംബർ സി.സിഗ്നി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാനാവിൽ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടുകൾ കയറ്റിയ ലോറികൾ തടഞ്ഞത്.
ലോറിക്ക് മുന്നിൽ മണിക്കൂറുകളോളം കുത്തിയിരുന്ന ജനപ്രതിനിധികൾ പഞ്ചായത്തിലെ ടൂറിസം പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കർശന നിലപാടെടുത്തു. തുടർന്ന് പാലോട് പൊലീസ് എത്തി പദ്ധതിയുടെ കസ്റ്റോഡിയൻ അനർട്ട് ഡയറക്ടറുമായി ഓൺലൈൻ ചർച്ചക്ക് അവസരമൊരുക്കി. ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി ആറ് മാസത്തിനകം തിരികെയെത്തിക്കാമെന്ന ഉറപ്പ് ഡയറക്ടറുടെ പ്രതിനിധിയെ കൊണ്ടു എഴുതി വാങ്ങിയ ശേഷമാണ് സാധനങ്ങൾ വിട്ടുകൊടുത്തത്. സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അതുൽ സുരേഷ്, കെ. എസ്. യു മണ്ഡലം പ്രസിഡന്റ് സാജൻ മണിയൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.