‘സൗജന്യം’ പാഴ്വാക്കായി; കുടിവെള്ളപദ്ധതിക്ക് താങ്ങാനാകാത്ത ബിൽ നൽകി വാട്ടർ അതോറിറ്റി
text_fieldsപാലോട്: ആദിവാസികൾക്ക് സൗജന്യ കുടിവെള്ളം എന്ന വാഗ്ദാനം വെള്ളത്തിലായി. വല്ലപ്പോഴും കിട്ടുന്ന പൈപ്പ് വെള്ളത്തിന് ഞെട്ടിക്കുന്ന ബിൽ നൽകി അധികൃതർ. പോട്ടോമാവ് ആദിവാസികോളനിയിലെ കുടുംബങ്ങളെയാണ് വാട്ടർ അതോറിറ്റി കുഴപ്പിച്ചിരിക്കുന്നത്. 2022-2023 സാമ്പത്തികവർഷത്തെ പദ്ധതിപ്രകാരമാണ് മടത്തറ പോട്ടോമാവിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം പണി ആരംഭിച്ചത്.
45 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 25 ലക്ഷം രൂപ ടാങ്കിനും ബാക്കി പ്ലംബിങ് ഉൾപ്പടെ അനുബന്ധ െചലവുകൾക്കുമായാണ് െചലവഴിച്ചത്. ഇതിനുവേണ്ടി നാട്ടുകാരെ കൂട്ടി നിരവധി കമ്മിറ്റികൾ കൂടിയപ്പോളെല്ലാം സൗജന്യ കുടിവെള്ള പദ്ധതി എന്ന വാഗ്ദാനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകിയെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ പദ്ധതി നടപ്പായതോടെ സ്വഭാവം മാറി. വല്ലപ്പോഴുമാണ് പൈപ്പിൽ വെള്ളമെത്തുന്നത്. പദ്ധതി നടപ്പിലായ 2023 മാർച്ച് മുതൽ ഇതാണ് അവസ്ഥ. സൗജന്യ പദ്ധതി എന്ന കാരണത്താൽ നാട്ടുകാർ വിഷയം ഗൗരവമാക്കിയില്ല.
വേനൽക്കാലത്ത് അരുവികളിൽനിന്നും മറ്റ് കുടിവെള്ള സ്രോതസ്സുകളിൽനിന്നുമാണ് നാട്ടുകാർ കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതിനിടയിലാണ് സർക്കാർ വക ഇരുട്ടടി. നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന 75 ഓളം ആദിവാസി കുടുംബങ്ങൾക്കാണ് വാട്ടർ ബിൽ വന്നിരിക്കുന്നത്. ഓരോ കുടുംബത്തിനും ആയിരത്തി ഇരുന്നൂറ് മുതൽ മൂവായിരം രൂപ വരെ ബിൽ വന്നിട്ടുണ്ട്.
വീടിന്റെ മുകളിൽ വീഴാവുന്ന വൻ വൃക്ഷങ്ങളും വന്യമൃഗങ്ങളും ഉയർത്തുന്ന ഭീഷണിക്കൊപ്പം വാട്ടർ ബില്ലിനെയും പേടിക്കേണ്ട ഗതികേടിലാണ് നാട്ടുകാരെന്ന് ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പോട്ടോമാവ് തുളസീധരൻ കാണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.