വൈഡൂര്യ ഖനന കേസിൽ നിരപരാധികൾക്ക് വനപാലകരുടെ മർദനം; ഉപരോധവുമായി സി.ഐ.ടി.യു
text_fieldsപാലോട്: വിവാദമായ മണച്ചാല വൈഡൂര്യ ഖനനക്കേസിൽ വനം വകുപ്പുദ്യോഗസ്ഥർ നിരപരാധികളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് സി.ഐ.ടി.യു പ്രവർത്തകർ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് ഉപരോധിച്ചു.
വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് രണ്ടു സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെ സ്ഥലം മാറ്റിയതിന് പിന്നാലെ നിരപരാധികളായ നാട്ടുകാരെ വേട്ടയാടുന്നെന്നാണ് പരാതി. പെരിങ്ങമ്മല ഇടിഞ്ഞാർ സി.ഐ.ടി.യു ഹെഡ് ലോഡ് യൂനിറ്റിലെ തൊഴിലാളി വില്യം എന്ന 59 കാരനാണ് ഒടുവിൽ ക്രൂര മർദനത്തിന് ഇരയായത്. നിരപരാധികളായ നിരവധി പേർക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ട്.
അനാരോഗ്യം കാരണം ജോലി ചെയ്യാൻ കഴിയാതെ വീട്ടിൽ വിശ്രമത്തിലായിരുന്ന വില്യമിനെ നാലംഗ വനപാലക സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാറിൽവെച്ചും പിന്നീട് ജീപ്പിൽ കയറ്റിയും മർദിച്ചെന്നാണ് ആരോപണം. റേഞ്ച് ഓഫിസിൽ കൊണ്ടുവന്ന് നഗ്നനാക്കിയശേഷം നെഞ്ചിലും മുതുകിലും മുഖത്തും മാറി മാറി അടിക്കുകയും ചവിട്ടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച സന്ധ്യക്ക് കസ്റ്റഡിയിൽ എടുത്ത് രാത്രി മുഴുവൻ മർദനവും ചോദ്യം ചെയ്യലും തുടർന്നു.
വൈഡൂര്യ ഖനനം നടത്തിയവരെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂര മർദനം. വനം വകുപ്പിന്റെയോ പൊലീസിന്റെയോ കീഴിൽ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ലാത്ത ആളാണ് മർദനത്തിന് ഇരയായ വില്യം. പിറ്റേദിവസം രാവിലെ അവശനിലയിൽ പാലോട് സർക്കാർ ആശുപത്രിയിൽ ആക്കിയശേഷം വനപാലകർ സ്ഥലം വിട്ടു. വില്യം ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുമാസം മുമ്പാണ് പൊന്മുടിയുടെ അടിവാരമായ ബ്രൈമൂർ മണച്ചാല വനത്തിൽ ജനറേറ്ററും ഇതര യന്ത്രസാമഗ്രികളും ഉപയോഗിച്ച് നടന്ന വൈഡൂര്യ ഖനനം പുറത്തായത്. കേസിൽ പാലോട് റേഞ്ചിലെ പെരിങ്ങമ്മല, ആനപ്പാറ സെക്ഷൻ ഓഫിസർമാർ പ്രതിക്കൂട്ടിലാണ്.
അന്വേഷണവിധേയമായി ഇരുവരെയും സ്ഥലം മാറ്റിയിട്ട് അധിക നാളായിട്ടില്ല. ഖനന ദിവസങ്ങളിൽ സമീപത്തെ ചെക്ക്പോസ്റ്റും വിശ്രമസ്ഥലവും അടച്ചിട്ടു എന്ന ഗുരുതര ആരോപണമാണ് വനപാലകർ നേരിടുന്നത്. ഇക്കാര്യം വാർത്തമാധ്യമങ്ങളിൽ വന്നത് പൊതുസ്ഥലത്ത് ഉച്ചത്തിൽ പറഞ്ഞതാണ് വില്യത്തിനോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വനം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും മറ്റു ചുമട്ടുതൊഴിലാളികളും മനുഷ്യാവകാശ കമീഷനും പട്ടികജാതി കമീഷനും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. ഗേറ്റ് പൂട്ടാൻ ശ്രമിച്ച വനപാലകരും തൊഴിലാളികളും തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലുംപൊലീസ് ഇടപെട്ട് ശാന്തമാക്കി.സി.ഐ.ടി.യു നേതാവും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ പി.എസ്. മധുസൂദനൻ ഉപരോധം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.