കടലുകാണിപ്പാറയിൽ പാറ ഖനനത്തിന് നീക്കം
text_fieldsപാലോട്: കടലുകാണിപ്പാറയിൽ കണ്ണുവെച്ച് ക്വാറി മാഫിയ. കുറുപുഴ വെമ്പ് മണലയത്തിന് സമീപമുള്ള കടലുകാണിപ്പാറയിൽ അനധികൃത പാറഖനനത്തിന് നീക്കം തുടങ്ങിയിട്ട് നാളുകളായി. ഇവിടെ 28 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്റെതായുണ്ട്. റവന്യൂഭൂമി സ്വകാര്യവ്യക്തികൾ കൈയേറി വേലികെട്ടി തിരിച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
കടലുകാണിപ്പാറക്ക് ചുറ്റും അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കടലുകാണിപ്പാറയിൽനിന്ന് കുറുപുഴക്കും ഇളവട്ടത്തും എത്തുന്നതിന് പഞ്ചായത്ത് വഴികൾ ഉണ്ടെങ്കിലും അത് സ്വകാര്യവ്യക്തികൾ കൈയേറിയ നിലയിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള കടലുകാണിപ്പാറയിൽ കടുത്ത വേനലിലും വറ്റാത്ത നീരുറവ പോലുമുണ്ട്. കുറുപുഴനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കടലുകാണിപ്പാറയിലേക്കുള്ള റോഡിന് ഇരുവശങ്ങളിലും ജനവാസമേഖലകളാണ്. ആലുംകുഴി കേന്ദ്രീകരിച്ച് മുമ്പ് അനധികൃത ക്വാറി നടത്തിവന്നിരുന്നവരാണ് ഖനനത്തിനായി വീണ്ടും വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ഇടനില നിൽക്കുന്നതത്രെ. ഈ പ്രദേശത്ത് റീസർവേ നടത്തുന്നതിന് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും വസ്തുക്കൾ നേരിട്ട് സന്ദർശിക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി മടങ്ങിയതായും നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു.
പാറഖനനം നടത്താനുള്ള ശ്രമം തടയണമെന്നും റവന്യു ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്. എന്നാൽ, ക്വാറി ആരംഭിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടലുകാണിപ്പാറയിൽ റവന്യൂ ഭൂമി ഉണ്ടോയെന്ന് പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നും റവന്യൂ അധികൃതർ പറയുന്നു.
കടലുകാണിപ്പാറയിൽ ടൂറിസം സാധ്യതകളേറെ
പ്രകൃതി സൗന്ദര്യവും മനോഹരമായ ദൂരക്കാഴ്ചകളും ഒരുമിക്കുന്ന കടലുകാണിപ്പാറയിൽ ടൂറിസത്തിന് സാധ്യതകൾ ഏറെ. പാറക്ക് ചുറ്റുമുള്ള സർക്കാർ ഭൂമി വീണ്ടെടുത്താൽ ഇവിടെ വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളൊരുക്കാനാകും. ഇളവട്ടത്തുനിന്ന് കുറുപുഴ വഴിയും പഞ്ചായത്ത് വക നടപ്പാതകൾ നിലവിലുണ്ട് . അവ സഞ്ചാരയോഗ്യമാക്കിയാൽ 200 അടി മുകളിലേക്ക് കാൽനടയായി മലകയറാൻ പറ്റും. ട്രക്കിങ്ങിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താം.
ഗ്രാമപഞ്ചായത്തും വിനോദസഞ്ചാരവകുപ്പും മുൻകൈയെടുത്ത് കടലുകാണിപ്പാറയിലെ ടൂറിസം വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.