മതിൽ പൊളിക്കാൻ കോളജ് അധികൃതർ തയാറായി; ആലുവിള കോളനി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു
text_fieldsപാലോട്: നളന്ദ-ആലുവിള റോഡിന്‍റെ നിർമാണം ആരംഭിച്ചതോടെ നന്ദിയോട് പഞ്ചായത്തിലെ ആലുവിള കോളനി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് വീതികുറഞ്ഞ നടവഴി മാത്രമാണുണ്ടായിരുന്നത്. അത്യാവശ്യത്തിന് ഒരു ഒാേട്ടാ പോലും ഇതുവഴി കടന്നു പോകില്ലായിരുന്നു.
നടവഴി വീതികൂട്ടി ചെറിയൊരു റോഡുണ്ടാക്കുക എന്ന കോളനിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് അംഗം രാജേഷിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് റോഡ് നിർമാണം നടത്തുന്നത്. വഴിയോട് ചേർന്നുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിന്‍റെ മതിൽ പൊളിച്ച് സ്ഥലം കിട്ടാൻ തടസമുണ്ടായതാണ് റോഡു നിർമാണം നീളാൻ കാരണം.
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മതിൽ പൊളിച്ച് റോഡിന് സ്ഥലം വിട്ടു കൊടുക്കാൻ മാനേജ്മെൻറ് തയ്യാറായതോടെയാണ് കോളനിക്കാരുടെ റോഡെന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചത്. പൊളിക്കുന്ന മതിൽ ജനകീയസമിതി നിർമിച്ചു നൽകും. നിലവിൽ ആലുവിള വരെ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി റോഡ് കോൺക്രീറ്റ് ചെയ്തു നൽകുമെന്ന് ജില്ല പഞ്ചായത്ത് അംഗം സോഫി തോമസും അറിയിച്ചിട്ടുണ്ട്. റോഡ് യാഥാർഥ്യമാകുന്നതോടെ സത്രക്കുഴി കള്ളിപ്പാറ വഴി വേഗത്തിൽ നന്ദിയോട്ടെത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.