രക്ഷിതാക്കളറിയാതെ കുട്ടികളെ സ്കൂൾ മാറ്റിയതിൽ പ്രതിഷേധം
text_fieldsപാലോട്: രക്ഷിതാക്കളറിയാതെ കുട്ടികളെ സ്കൂൾ മാറ്റിയതിൽ പ്രതിഷേധം. നന്ദിയോട്ട് പ്രവർത്തിച്ചിരുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്ന് അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള 80ലധികം കുട്ടികളെയാണ് പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയിലുള്ള അംബേദ്കർ വിദ്യാനികേതനിലേക്ക് മാറ്റിയത്. പട്ടികവർഗ വിദ്യാർഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന രണ്ട് സി.ബി.എസ്.ഇ വിദ്യാലയങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ആരോപണം.
പട്ടികവർഗ വിദ്യാർഥികളുടെ ഉന്നമനത്തിനായി 2015ൽ കുറ്റിച്ചലിലെ വാലിപ്പാറയിലാണ് ആദ്യം ജി. കാർത്തികേയെൻറ പേരിൽ സ്കൂൾ പ്രവത്തനം തുടങ്ങിയത്. ഏഴ് വർഷത്തിനിടയിൽ പലവട്ടം വാടക കെട്ടിടങ്ങൾ മാറി മാറി ഇപ്പോൾ നന്ദിയോട്ടാണ് പ്രവർത്തിക്കുന്നത്.
വിവിധ ജില്ലകളിലുള്ള ആദിവാസി ഉൗരുകളിലെ വിദ്യാർഥികളാണ് ഉവിടെ പഠിക്കുന്നത്. ഇവിടെ വലിയ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുട്ടികളെ ഞാറനീലിയിലേക്ക് മാറ്റുന്നത്. കുട്ടികളെ ഞാറനീലിയിലേക്ക് മാറ്റാൻ രക്ഷിതാക്കൾക്ക് താൽപര്യമില്ല. എന്നാൽ പ്രവേശനോത്സവം നടന്ന ബുധനാഴ്ച 80 ലധികം കുട്ടികളെ ഞാറനീലിയിലേക്ക് മാറ്റിയതോടെയാണ് രക്ഷിതാക്കളും ആദിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നത്.
അവധിക്കാലം തുടങ്ങുന്നതിനുമുമ്പ് നെടുമങ്ങാട് പ്രോജക്ട് ഒാഫിസർ വിളിച്ചുചേർത്ത യോഗത്തിൽ കാട്ടാക്കട താലൂക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് കെട്ടിടമുള്ള നാല് സ്ഥലങ്ങൾ കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചങ്കിലും ഒന്നുപോലും പരിഗണിക്കാൻ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.