കണക്കിലധികം കരുതൽ; അംഗീകാരമായി അധ്യാപക അവാർഡ്
text_fieldsപാലോട്: കുട്ടികൾ എത്തുന്നില്ലെങ്കിലും സ്കൂളിനോടുള്ള സ്വാമിനാഥൻ സാറിെൻറ കരുതലിന് കുറവുവന്നിട്ടില്ല. പൊടിയും മാറാലയുമില്ലാത്ത ക്ലാസ് മുറികളും മുറ്റത്ത് തഴച്ചുവളരുന്ന പച്ചക്കറികളും പൂച്ചെടികളും അത് സാക്ഷ്യപ്പെടുത്തും. സ്കൂളും കുട്ടികളും ജീവവായുപോലെ പ്രധാനമെന്ന് കരുതുന്ന സ്വാമിനാഥൻ സാറിനുള്ള അംഗീകാരമാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാർഡ്. പ്രൈമറി വിഭാഗത്തിലാണ് പാലോട് പേരക്കുഴി സർക്കാർ എൽ.പി സ്കൂൾ പ്രഥമാധ്യാപകനായ കെ. സ്വാമിനാഥൻ പുരസ്കാരം ചൂടിയത്.
പൂജപ്പുര തമലം തട്ടാമല ലെയിൻ മഴവില്ലിൽ കെ. സ്വാമിനാഥൻ സ്ഥാനക്കയറ്റം ലഭിച്ച് പേരക്കുഴി സ്കൂളിലെത്തുന്നത് ഒരുവർഷം മുമ്പാണ്. ചുരുങ്ങിയ സമയത്തിൽ സ്കൂൾ മുറ്റം കൃഷി സൗഹൃദമാക്കി. സ്കൂൾ റേഡിയോയും മിനി തിയറ്ററും ഒരുക്കി. വീട്ടിലൊരു പുസ്തകപ്പുര പദ്ധതിക്കും രൂപം കൊടുത്തു.
പ്രാഥമിക വിദ്യാഭ്യാസം നേടിയ ആലപ്പുഴ പുറക്കാട് സ്കൂളിലാണ് ഒൗദ്യോഗിക ജീവിതവും ആരംഭിച്ചത്. കുട്ടികൾക്കായി 16 ഷോർട്ട് ഫിലിമുകൾ നിർമിച്ചു. ഈ മേഖലയിൽ 20 അവാർഡുകൾ നേടി. മൂന്ന് പുസ്തകങ്ങളും പുറത്തിറക്കി. ഗുരുശ്രേഷ്ഠ അവാർഡ്, ഗാന്ധിദർശൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ ആറാംതരം ഗണിതം പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥ സീനയാണ് ഭാര്യ. മകൾ ഡിഗ്രി വിദ്യാർഥി ദേവകൃഷ്ണ. കുട്ടികളുടെയും സ്കൂളിെൻറയും ഉന്നതിക്കായി പ്രയത്നിക്കുന്ന സ്വാമിനാഥൻ സാറിന് അർഹതക്കുള്ള അംഗീകാരമാണ് അവാർഡെന്ന് പി.ടി.എ പ്രസിഡൻറ് വി.എൽ. രാജീവ് പറഞ്ഞു.
അവാർഡിെൻറ തിളക്കത്തിൽ നിസാര്‍ അഹമ്മദ്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് അധ്യാപകന് നിസാര്‍ അഹമ്മദിന് സെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സര്‍ക്കാര്‍ അവാര്‍ഡ്.
1997ല്‍ ഇടുക്കി ജില്ലയിലെ കണ്ണമ്പിട ട്രൈബല്‍ എച്ച്.എസില്‍ പ്രൈമറി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കഞ്ഞിക്കുഴി എല്‍.പി സ്കൂള്‍, പെരുങ്കുഴി ഗവ.എല്‍.പി.സ്കൂള്‍, കരിച്ചാറ ഗവ.എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.
2007ല്‍ ഹൈസ്കൂള്‍ അസിസ്റ്റൻറായി കോട്ടുകാല്‍ ഗവ.വി.എച്ച്.എസ്.എസിലായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ആറ്റിങ്ങല്‍ ബോയ്സ് എച്ച്.എസിലേക്കും 2014ല്‍ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലേക്കും സ്ഥലം മാറ്റമായി. അധ്യാപകവൃത്തിക്കുപുറമെ എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക രചയിതാവ് കൂടിയാണിദ്ദേഹം. 2017 മുതല്‍ ആകാശവാണി, വിക്ടേഴ്സ് ചാനല്‍ എന്നിവയില്‍ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നുണ്ട്. കണിയാപുരം കണ്ടല്‍ ഡ്രീംസില്‍ പരേതനായ മുഹമ്മദ് റഷീദ്-ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജിമോള്. ഫിറോസ് അഹമ്മദ്, ഫിദ അഹമ്മദ് എന്നിവര്‍ മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.