കേഴമാനിനെ വേട്ടയാടി പാചകം ചെയ്തവർ അറസ്റ്റിൽ
text_fieldsപാലോട്: കേഴമാനിനെ വേട്ടയാടി പാചകം ചെയ്തവർ അറസ്റ്റിൽ. പാലോട് വനംവകുപ്പ് േറഞ്ചിൽ പെരിങ്ങമ്മല സെക്ഷൻ കൊച്ചുവിളയിൽ വനത്തിൽ കേഴമാനിനെ വേട്ടയാടിയ സംഘത്തിലെ ഇടവം മൺപുറത്ത് വീട്ടിൽ മുഹമ്മദ് റമീസ്, കാട്ടിലക്കുഴി സ്വദേശി റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. റാഷിദ് മ്ലാവിനെ കൊന്ന കേസിൽ പിടിയിലായി റിമാൻഡിലാണ്. റമീസിൽ നിന്ന് മാനിന്റെ ഇറച്ചിയും നാടൻ തോക്കും കണ്ടെടുത്തു.
പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ താന്നിമൂട് സ്വദേശി ദിൽഷാദ്, കുണ്ടാളംകുഴി സ്വദേശി നന്ദു, പാലോട് സ്വദേശി ഷുഹൈബ്, പറക്കോണം സ്വദേശി അൽ ജാസിം എന്നിവരും കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. നന്ദു, ഷുഹൈബ് എന്നിവരാണ് കേഴമാനിനെ തോക്ക് ഉപയോഗിച്ച് വനത്തിൽ നിന്ന് വേട്ടയാടിയതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
മ്ലാവിനെ വെടിവച്ചുകൊന്ന് ഇറച്ചി ശേഖരിച്ച ശേഷം തല ഉപേക്ഷിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് മനസ്സിലായതിനെ തുടർന്നാണ് വേട്ടയാടലിൽ അന്വേഷണം ശക്തമാക്കിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായും ഉടനെ പ്രതികൾ പിടിയിലാകുമെന്നും പാലോട് റേഞ്ച് ഓഫിസർ രമ്യ അറിയിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വിഷ്ണു എസ് കുമാർ, പെരിങ്ങമ്മല സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സന്തോഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അനൂപ്, ധന്യ, കൃഷ്ണ, മെൽവിൻ ജോസ്, വാച്ചർ രാജൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.