ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് നിന്നുള്ളവർക്ക് ഊരുകളിലേക്ക് പ്രവേശനമില്ല
text_fieldsപാലോട്: ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടർന്ന് ഊരുകളിൽ കർശന സുരക്ഷയുമായി പൊലീസ് രംഗത്ത്. പുറത്ത് നിന്നുള്ളവർക്ക് ഊരുകളിലേക്ക് വരുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇത് നിരീക്ഷിക്കുന്നതിനായി പെരിങ്ങമ്മല പഞ്ചായത്തിലെ ഊരുകളിലേക്കുള്ള ദിശാബോർഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
പൊലീസ് പട്രോളിങ്ങും പ്രദേശങ്ങളിൽ വ്യാപകമാക്കി. കഴിഞ്ഞദിവസം അനധികൃതമായി ഊരിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വാഹനങ്ങൾ പൊലീസ് പിടികൂടി. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഊരുകളിലേക്കെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ലഹരി വസ്തുക്കൾ കടത്തിയാൽ ആ വിവരം പൊലീസിനെ അറിയിക്കാനും സംവിധാനമൊരുക്കി.
ഊരുകളിൽ വർധിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഊരുകളിലെ വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കി പുറത്തുനിന്നുള്ള യുവാക്കൾ ഇവിടേക്കെത്തുകയും അനധികൃത പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നത് പതിവാണ്.
ഇനി ഇത്തരം പ്രവൃത്തികൾക്ക് തടയിട്ട് നിയമനടപടികളുണ്ടാകും. എക്സൈസ്, പട്ടികജാതി - പട്ടികവർഗ വകുപ്പ്, പഞ്ചായത്ത് എന്നിവയെ ഏകോപിപ്പിച്ച് ഊരുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും. പെൺകുട്ടികളുടെ മരണത്തിൽ പുറത്തുനിന്നുള്ള ആരുടെയെങ്കിലും ആസൂത്രിതമായ ഗൂഢാലോചനയുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പാലോട്, വിതുര മേഖലകളിൽ അടുത്തിടെ വർധിക്കുന്ന പോക്സോ കേസുകൾ തടയുന്നതിനും കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഞായറാഴ്ച ജോയന്റ് എക്സൈസ് കമീഷണർ ആർ. ഗോപകുമാറും തിങ്കളാഴ്ച റൂറൽ എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘവും ഊരുകളിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.