കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsപാലോട്: ഇരുചക്ര വാഹന യാത്രികരെ കാട്ടുപന്നി ആക്രമിച്ചു. തെന്നൂര്‍ നെട്ടയം വിളയില്‍ വീട്ടില്‍ അനില്‍കുമാര്‍ (54), സഹോദരന്റെ മകന് ഞാറനീലി സജു ഭവനില്‍ സജു (38) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഞാറനീലി ജങ്ഷനിലായിരുന്നു സംഭവം. അനില്‍കുമാറിന്റെ ഇടത് കൈക്കും ഇടതുകാലിനും പൊട്ടലുണ്ട്. സജുവിന്റെ ഇടതു കൈക്കും കാല്‍മുട്ടിനും പൊട്ടല്‍ സംഭവിച്ചു.
ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലോട് ഭാഗത്ത് ഒരു മാസത്തിനിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
കഴിഞ്ഞയാഴ്ച കെ.എസ്.ഇ.ബി ജീവനക്കാരനെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി. ആറുമാസത്തിനിടെ പാലോട് റേഞ്ചില്‍ മാത്രം 15തിലധികം പേരെ കാട്ടുപന്നി ആക്രമിച്ചു.
കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണംവിട്ട കാര്‍ പോസ്റ്റും മതിലും തകര്‍ത്തു
വെള്ളറട: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചോടെയായിരുന്നു സംഭവം.
വെള്ളറടയില്‍നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന കാര്‍ കൊല്ലകൂടി കയറ്റത്ത് എത്തിയപ്പോഴാണ് കാട്ടുപന്നിക്കൂട്ടം റോഡിലേക്ക് ചാടിയത്. നിയന്ത്രണംവിട്ട കാര്‍ റോഡിന് ഇടതുവശത്തേക്ക് തിരിഞ്ഞ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് നിന്നു. പോസ്റ്റ് തകര്‍ന്ന് റോഡിന് കുറുകേപതിച്ചത് അപകട ഭീതിയുയർത്തി. ഉടൻ വൈദ്യുതിബന്ധം വിച്ഛേദിച്ചത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പോസ്റ്റ് നീക്കംചെയ്തു. കാറിന് സാരമായ കേടുപാടുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.