കൊണ്ടുംകൊടുത്തും പ്രചാരണം മുറുകുന്നു
text_fieldsതിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പകൽ മാത്രം ശേഷിക്കെ, പ്രചാരണച്ചൂടും മുറുകി. പത്രിക സമർപ്പിക്കാത്തവർ അവസാനവട്ട പാച്ചിലിലാണ്. അനിശ്ചിതത്വമവസാനിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നതാണ് സ്ഥാനാർഥി നിർണയം വൈകാൻ പലയിടങ്ങളിലും കാരണമായത്. ഇനി തിടുക്കത്തിൽ കാര്യങ്ങൾ തീർപ്പിെലത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. അതും മണിക്കൂറുകൾക്കുള്ളിൽ.
വിമത ശല്യം ഇക്കുറി എല്ലാ മുന്നണികൾക്കും തലവേദനയാകുമെന്ന സൂചനകളാണ് പ്രകടമാകുന്നത്. കൊണ്ടും കൊടുത്തും സമാന്തരമായി തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുകയാണ്. ആവനാഴിയിലെ സർവ ആയുധങ്ങളും പ്രചാരണ രംഗത്ത് പുറത്തെടുക്കുകയാണ് പാർട്ടികൾ. പ്രാേദശിക വികസനം മുതൽ ദേശീയ രാഷ്ട്രീയം വരെ നീളുകയാണ് പ്രചാരണ വിഷയങ്ങൾ. ഇതിനിടെ ൈമക്ക് സ്ക്വാഡും ആരംഭിച്ചു കഴിഞ്ഞു. പാരഡികളും തട്ടുപൊളിപ്പൻ വോട്ടഭ്യർഥനയുമായി നിരത്തുകളും നിറഞ്ഞുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ 'കൊടികെട്ടിയ മൈക്കുവണ്ടി'കൾ തെരുവിൽ നിറയും. വാഹനജാഥയുടെയും സ്ഥാനാർഥി സ്വീകരണത്തിെൻറയുമെല്ലാം കുറവ് അനൗൺസ്മെൻറിൽ തീർക്കാനുറച്ചാണ് അനൗൺസ്മെൻറ് വാഹനങ്ങൾ തയാറാക്കുന്നത്. നവമാധ്യമങ്ങൾ തുറന്നാൽ നിറചിരിയുമായി കൈവീശിയും 'കളർഫുള്ളാ'യും വോട്ടു ചോദിക്കുന്ന സ്ഥാനാർഥികളുടെ തള്ളിക്കയറ്റമാണ്. മാസ്ക്കില്ലാത്ത മുഖം കാണിക്കാനും നവമാധ്യമങ്ങൾതന്നെ മാർഗം. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹ മാധ്യമങ്ങൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
ജില്ല പഞ്ചായത്തിൽ 26 ഡിവിഷനുകളിലാണ് മത്സരം. 11 ബ്ലോക്കുകൾ, 73 ഗ്രാപഞ്ചായത്തുകൾ, നാല് നിയമസഭാ മണ്ഡലങ്ങളുടെ വലുപ്പവും 100 വാർഡുകളുമുള്ള തിരുവനന്തപുരം കോർപറേഷൻ. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ എന്നിങ്ങനെയാണ് തലസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേർചിത്രം. ഇത്തരത്തിൽ 90 തദ്ദേശ സ്ഥാപനങ്ങളിലെ ആകെയുള്ള 1727 വാർഡുകളിലാണ് പോരാട്ടം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് ഇക്കുറി പട്ടികജാതി സംവരണമാണ്. കോർപറേഷനിൽ വനിതയാണ് മേയറാകുക. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും അധ്യക്ഷസ്ഥാനം വനിതക്കാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി സ്ത്രീയും. ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളിൽ 31 ഇടത്ത് പ്രസിഡൻറ് സ്ഥാനം സ്ത്രീകൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.