ചൂളകളിൽ വെന്തുരുകിയത് തൊഴിലാളിയുടെ മജ്ജയും മാംസവും
text_fieldsപാറശ്ശാല: ഉപജീവനത്തിനായി ഒരായുസ്സ് മുഴുവന്‍ ഓട് ഫാക്ടറികളിലും ചുടുകൽചൂളകളിലും പണിയെടുത്ത തൊഴിലാളികള്‍ ഇന്ന് പെരുവഴിയിൽ. തലസ്ഥാന നഗരത്തിന്റെ തെക്കൻമേഖല ഒരുകാലത്ത് ഓട് ഫാക്ടറികളുടെയും ചെങ്കൽചൂളകളുടെയും കേന്ദ്രമായിരുന്നു. നെയ്യാറ്റിൻകര, പാറശ്ശാല മേഖലകൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്.
15ഓളം ഫാക്ടറികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. കളിമണ്ണ് കിട്ടാതെ വന്നതും നിർമാണ മേഖലകളിൽനിന്ന് ഓടും ചുടുകല്ലും മാറിയതും തൊഴിലിന് വലിയ തിരിച്ചടിയായി. ചൂളകൾ നഷ്ടത്തിലായതോടെ പലതും പൂട്ടി. അതോടെ ചുടുകല്ലിന്റെ വില കുത്തനെ ഉയരുകയും പലരും നിർമാണാവശ്യങ്ങൾക്ക് ചുടുകല്ല് ഒഴിവാക്കുകയും ചെയ്തു. അമരവിള ചുടുകല്ല് ഉല്പാദക ക്രയവിക്രയ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇവിടെ നൂറോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ 26 പേരായി ചുരുങ്ങി. കൃത്യമായി ശമ്പളം ലഭിക്കാതെ വന്നതോടെ പലരും മറ്റ് ജോലികള്‍ തേടിയിറങ്ങി. നിലവില്‍ 10 പേരാണുള്ളത്. ഇവര്‍ക്കും കഴിഞ്ഞ നാലു മാസമായി ശമ്പളമോ മറ്റ് ആനുകൂല്യമോ ലഭിക്കുന്നില്ല.
വിൽപന കുറഞ്ഞതും അസംസ്കൃത വസ്തുക്കൾ കിട്ടാത്തതും സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നു. സമീപപ്രദേശങ്ങളിലും ചിലയിടങ്ങളിലായി പ്രവർത്തിക്കുന്ന ചുടുകല്ല് നിര്‍മാണ കേന്ദ്രങ്ങളുടെയും അവസ്ഥ സമാനമാണ്. 2018ലെ പ്രളയം നിരവധി ചൂളകളെ വെള്ളത്തിൽ മുക്കി. പാകമായിരുന്ന ലക്ഷക്കണക്കിന് കല്ലുകളാണ് അന്ന് നഷ്ടമായത്. പലരും പാട്ടത്തിനും ബാങ്ക് വായ്പയെടുത്തും ചൂളകളിൽ കല്ല് നിറച്ചതാണ്. അതിന്മേലാണ് പ്രളയജലം വന്നുപതിച്ചത്. നെയ്യാർ കരകവിഞ്ഞതോടെ ഈ മേഖലയിലെ ചൂളകൾ മിക്കതും വെള്ളത്തിൽ മുങ്ങി. അവർക്ക് നഷ്ടപരിഹാരം പ്രതീക്ഷിച്ചത് കിട്ടിയതുമില്ല. അതോടെ മിക്കവരും തൊഴിൽ ഉപേക്ഷിച്ചു. നിരവധിപേർ കടക്കെണിയിലുമായി.
തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മറ്റാനുകൂല്യങ്ങള്‍ 2018ഓടെ വഴിമുട്ടിയതായും തൊഴിലാളികള്‍ പറയുന്നു. ഈ ഓണക്കാലം എത്തിയിട്ടും ശമ്പളമോ ബോണസോ ഒന്നും ഇല്ലാതെ നിരവധി തൊഴിലാളികൾ ദുരിതത്തിലാണ്. ഓട്, ചുടുകല്ല് എന്നിവക്ക് പുറമെ ചെടിച്ചട്ടി, തറയോട്, വീട് നിര്‍മാണത്തിനുപയോഗിക്കുന്ന ആഡംബര ഓടുകൾ തുടങ്ങിയവയാണ് നിര്‍മിച്ചുവരുന്നത്. അമരവിള സഹകരണ സംഘത്തിന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതും മുന്‍കാലങ്ങളിലെ കടബാധ്യതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രസിഡന്റ് ജോയ് പറഞ്ഞു.
സര്‍ക്കാറില്‍നിന്ന് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാപനം സഹകരണ സംഘത്തിന് കീഴിലുള്ളതാണ്. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് ഓണക്കാലത്തോടെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യവും ശമ്പളലഭ്യതയും ഉറപ്പുവരുത്താൻ ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് നെയ്യാറ്റിന്‍കര മുനിസിപ്പൽ ചെയര്മാന് പി.കെ. രാജ്മോഹനന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.