ചെങ്കവിളയില്‍ റോഡ് തകർച്ചയിൽ; ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്
text_fieldsപാറശ്ശാല: റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായ ചെങ്കവിളയില്‍ ഭീമന് കുഴിയില്‍ ഇറങ്ങി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു. യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഗുണന്, സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വന്‍ കുഴികള്‍ മൂലം വാഹനയാത്ര പോലും പ്രദേശത്ത് മുടങ്ങുന്നു. നാല് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് തകര്‍ന്നിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രധാന ജങ്ഷനില്‍ അടക്കം അഞ്ച് സ്ഥലങ്ങളില്‍ ടാറിളകി വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് നാലിന് റോഡിന്റെ ദുരവസ്ഥയിൽ പരാതി നല്കിയ പൊതുപ്രവര്ത്തകൻ മുണ്ടപ്ലാവിള സ്വദേശി ദിപുമോനെ വകുപ്പ് അധികൃതര്‍ ഫോണില്‍ വിളിച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതായി അറിയിച്ചിരുന്നു. റോഡ് തകര്‍ച്ച പരിഹരിച്ചതിനാല്‍ പരാതി തീര്‍പ്പാക്കിയതായി ജൂണ്‍ 20ന് പരാതിക്കാരന് ഓണ്‍ലൈന്‍ വഴി വകുപ്പധികൃതര്‍ മറുപടിയും നല്കി. ഇതിനെത്തുടര്‍ന്ന് പരാതിക്കാരന് സ്ഥലത്തെത്തിയപ്പോള്‍ റോഡ് കൂടുതല്‍ തകര്‍ന്ന കാഴ്ചയാണുണ്ടായത്.
പരാതിയില്‍ ചൂണ്ടിക്കാണിച്ച തളച്ചാന്‍വിള ജങ്ഷന് സമീപത്തെ കുഴിയുടെ വ്യാസം രണ്ട് മീറ്ററോളം വര്‍ധിച്ചു. പി.പി.എം ജങ്ഷനില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം, വന്യക്കോട്, തളച്ചാന്‍വിള, ചെറുവാരക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ ഒരടി വരെ താഴ്ചയില്‍ കുഴികള്‍ നിറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിലേക്കടക്കം നിര്മാണസാധനങ്ങളും വഹിച്ച് തമിഴ്നാട്ടില്‍നിന്ന് കാരോട് ബൈപാസ് വഴി നഗരത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാനപാതയുടെ തകര്‍ച്ചക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മഴവെള്ളം ഒഴുകിപ്പോന് വേണ്ടവിധം ഓടകള്‍ ഇല്ലാത്തതാണ് അറ്റകുറ്റപ്പണികള്ക്കുപിന്നാലെ റോഡ് തകര്‍ച്ചക്ക് കാരണം. തളച്ചാന്വിളഭാഗത്ത് വെള്ളം ഒഴുകാനുള്ള സ്ഥലക്കുറവ് മൂലം ചെറിയ മഴയില്‍ പോലുമുണ്ടാവുന്ന വെള്ളക്കെട്ടാണ്. റോഡിന്റെ ചില ഭാഗങ്ങളിൽ തകര്ച്ചയില്ലാത്തതിനാല് വേഗം കൂട്ടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് പതിക്കുന്നത് വന്‍ കുഴികളിലായിരിക്കും. ബ്രേക്ക് ചെയ്യാന്‍ പോലും സമയം കിട്ടാത്തതാണ് അപകടങ്ങളിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.