അവഗണനയുടെ ട്രാക്കിൽ ധനുവച്ചപുരം റെയില്‍വേ സ്റ്റേഷൻ
text_fieldsപാറശ്ശാല: ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാർ അപകടത്തിൽപെടുന്നത് വർധിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. സ്റ്റേഷനില്‍ എത്തുന്ന ട്രെയിനുകളില്‍ ലോക്കോ പൈലറ്റിന് പിറകിലുള്ള ഗാര്‍ഡ് സിഗ്നല്‍ കാണിക്കുന്നത് മാത്രമാണ് ഇവിടെയുള്ളത്.
എല്ലാ സ്റ്റേഷനുകളിലും ട്രെയിനില്‍ യാത്രക്കാര്‍ കയറിയിറങ്ങി എന്ന് ഉറപ്പുവരുത്താന്‍ ഒരു ഗാർഡ് ഉണ്ടാവും. ഇവിടെ ഈ വിധം സംവിധാനം ഇല്ലാത്തതു കാരണം നിരവധി യാത്രക്കാരുടെ ജീവന് നഷ്ടമായി. ഞായറാഴ്ച ട്രെയിനില്‍ കയറുന്നതിനിടെ അമ്പത്തെട്ടുകാരിക്ക് ദാരുണാന്ത്യമുണ്ടായി. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന് നായരുടെ ഭാര്യ വി.എസ്. കുമാരി ഷീബയാണ് മരിച്ചത്.
സമാനരീതിയില്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് നെടിയാംകോട് ശ്രീരാഗം വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ വനജകുമാരി (66) മരിച്ചു. ട്രാക്കിനും ട്രെയിനിനും ഇടയിൽപെട്ടാണ് ദാരുണ അപകടം ഉണ്ടാകുന്നത്. ഈ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവരുന്നത്. ദേശീയപാതയിൽ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് കഴിഞ്ഞാല്‍ അടുത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് ധനുവച്ചപുരം.
പരശുവയ്ക്കാല്, കൊറ്റാമം ഉദിയന്‍കുളങ്ങര, ചെങ്കല്‍ തുടങ്ങിയ സ്ഥലങ്ങളും മലയോര മേഖലകളിലെയും തീരദേശ പ്രദേശങ്ങളില്നിന്നുമുള്ളവർ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനാണ് ധനുവച്ചപുരം. ദിനംപ്രതി ഇരുവശത്തേക്കുമായി 32 ഓളം ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്. പത്തില്‍ താഴെ മാത്രം ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്.
തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ പാത നിലവില്‍ വന്ന 1978ല്‍ ആസ്ബസ്റ്റോസ്കൊണ്ട് നിർമിച്ച ടിക്കറ്റ് കൗണ്ടറാണ് ഇപ്പോഴും ഇവിടെയുള്ളത്.
യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം എം.പി ഫണ്ട് ഉപയോഗിച്ച് പുതിയ ടിക്കറ്റ് കൗണ്ടര്‍ നിർമിച്ചെങ്കിലും 12 വര്‍ഷമായി അടച്ചനിലയിലാണ് കാണപ്പെടുന്നത്. നിരവധി കുട്ടികളും സ്ത്രീകളും യാത്രക്ക് ആശ്രയിക്കുന്ന സ്റ്റേഷനില്‍ പ്രാഥമിക കര്‍മം നിര്‍വഹിക്കാന്‍ പോലും അസൗകര്യം ആണെന്ന് ആക്ഷേപമുണ്ട്. റെയില്‍വേ സ്റ്റേഷന് പരിഗണന നൽകി അടിസ്ഥാന സൗകര്യ വികസനം, ഗാർഡിനെ നിയമിക്കൽ, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.