ഹാള്‍ ടിക്കറ്റില്‍ പരീക്ഷകേന്ദ്രത്തിന്റെ പേര് തെറ്റി: കെ-ടെറ്റ് പരീക്ഷയെഴുതാന്‍ എത്തിയവര്‍ വലഞ്ഞു
text_fieldsപാറശ്ശാല: അധ്യാപക യോഗ്യതപരീക്ഷയായ കെ-ടെറ്റ് എഴുതാന്‍ പാറശ്ശാലയിലെത്തിയവര് ഹാള്‍ടിക്കറ്റില്‍ പരീക്ഷ കേന്ദ്രത്തിന്റെ പേര് തെറ്റായി കൊടുത്തതുകാരണം പ്രതിസന്ധിയിലായി.
പാറശ്ശാല വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് പരീക്ഷകേന്ദ്രത്തിന്റെ പേര് ജി.വി ആന്‍ഡ് എ.എം.പി എച്ച്.എസ്.എസ് പാറശ്ശാലയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പാറശ്ശാലയില്‍ പരീക്ഷ എഴുതാനെത്തിയവരിലേറെയും ഇത്തരത്തില്‍ തെറ്റായ വിവരമുള്ള ഹാള്‍ ടിക്കറ്റായിരുന്നു ഡൗണ്‍ലോഡ് ചെയ്തിരുന്നത്.രാവിലെ 10ന് ആരംഭിക്കേണ്ട പരീക്ഷയ്ക്കെത്തിയവര്‍ ഒമ്പതു മുതല്‍ തന്നെ ജി.വി. ആന്‍ഡ് എ.എം.പി എച്ച്.എസ്.എസ് അന്വേഷിച്ച് അലഞ്ഞു. പാറശ്ശാല മേഖലയില്‍ അത്തരത്തിലൊരു സ്കൂളില്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാതെ സമീപപ്രദേശത്ത് അന്വേഷിച്ചു നടന്നു. ഹാള്‍ ടിക്കറ്റില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നു.
ഹാള്‍ ടിക്കറ്റില്‍ തെറ്റായി അഡ്രസ് രേഖപ്പെടുത്തിയതാണെന്ന് മനസ്സിലാക്കി പാറശ്ശാല വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയവരോട് പരീക്ഷകേന്ദ്രത്തിന്റെ പേര് ശരിയായി രേഖപ്പെടുത്തിയിട്ടുള്ള ഹാള്‍ ടിക്കറ്റുമായെത്താന് അധികൃതര്‍ നിര്‍ദേശിച്ചു. രാവിലെ ഇന്റര്‍നെറ്റ് കേന്ദ്രങ്ങള്‍ തുറക്കാത്തത് കാരണം ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടായി.
പരീക്ഷാര്‍ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂള്‍ അധികൃതര്‍ പരീക്ഷ കമീഷണറുടെ ഓഫിസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തരത്തിലുള്ള ഹാള്‍ ടിക്കറ്റുള്ളവരെയും പരീക്ഷ എഴുതാന്‍ അനുവദിച്ചു. തുടര്‍ന്ന് വൈകീട്ട് അധികൃതര്‍ സോഫ്റ്റ്വെയറില് സ്കൂളിന്റെ പേര് ശരിയായനിലയില്‍ മാറ്റി നല്‍കുകയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പരീക്ഷാര്‍ഥികള്‍ക്ക് നല്‍കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.