പട്ടയമില്ല; ദുരിതജീവിതവുമായി ഒരു കുടുംബം
text_fieldsപാറശ്ശാല: വര്‍ഷങ്ങള്‍ക്കുമുമ്പേ അപേക്ഷ കൊടുത്തിട്ടും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പട്ടയം നിരസിക്കുന്നതായും ജീവിതം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പുല്ലുവിളയിലെ മത്സ്യത്തൊഴിലാളി ജോണ്‍കുട്ടിയുടെ (61) കുടുംബം.
കരിങ്കുളം പഞ്ചായത്തിലെ 16ാം വാര്‍ഡിൽ പുല്ലുവിള ജങ്ഷനില്‍ പൂവാര്‍ വിഴിഞ്ഞം റോഡിനുസമീപം ഇരയുമന്‍തുറ പുരയിടത്തിലാണ് ഒറ്റമുറി കുടിലിൽ ജോണും കുടുംബവും ഇരുപത് വര്‍ഷമായി കഴിയുന്നത്.
കടലില്‍നിന്ന് മുന്നൂറ് മീറ്റര്‍ അകലമുള്ള ഈ സ്ഥലത്ത് ചുറ്റുമുള്ളവര്‍ക്ക് പട്ടയം കിട്ടിയിട്ടുണ്ട്. ഒരു സെന്റ് വസ്തു മാത്രമാണ് ഇവർക്കുള്ളത്. നിരവധി തവണ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു സഹായവും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന് ജോൺകുട്ടിയുടെ ഭാര്യ റോസ്മേരി (56) പറയുന്നു.
ഇരുവരുെടയും ഏക മകള്‍ 18 വയസ്സുള്ള ബി.കോം വിദ്യാര്‍ഥിയും അടങ്ങുന്ന കുടുംബമാണ് പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത അസൗകര്യങ്ങളിൽ കഴിയുന്നത്. പ്രാഥമിക കര്‍മങ്ങള്‍ക്ക് അടുത്തുള്ള വീടുകളെയാണ് ഇവർ ആശ്രയിക്കുന്നത്.
കമ്പുകള്‍ കുത്തിച്ചാരി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ മേല്‍ക്കൂരയായതിനാല്‍ മഴ സമയങ്ങളില്‍ അടുത്തുള്ള കടവരാന്തയിലാണ് ഈ കുടംബം അന്തിയുറങ്ങുന്നത്. പട്ടയത്തിനായുള്ള അപേക്ഷ അധികാരികള്‍ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.