മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ
text_fieldsപാറശ്ശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വലയിലായി. വിവിധ മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പാറശ്ശാല പൊലീസാണ് പിടികൂടിയത്.
വെങ്ങാനൂര്‍ എസ് റോഡില്‍ എബി (21), വെങ്ങാനൂര്‍ പറമ്പ് വിളാകം വീട്ടില്‍ രഞ്ജിത്ത് (18) , വെങ്ങാനൂര്‍ കെ.എസ് റോഡില്‍ തുണ്ടുവിളാകം വീട്ടില്‍ വിഷ്ണു (22), വാഴമുട്ടം രാജേഷ് ഭവനില്‍ പ്രവീണ്‍ പ്രസാദ് (19) എന്നിരാണ് പിടിയിലായത്. ധന്യംകോട് ഭാഗത്തെ മൊബൈല്‍ ഫോണുകളും ഹെല്‍മറ്റ് അടക്കമുള്ളവ മോഷ്ടിച്ചതിനാണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പ് അമരവിള അഷറഫിന്റെ ഉടമസ്ഥതയിലുളള എം. ഫോണ്‍ എന്ന മൊബൈല്‍ ഷോപ്പില്‍ രാത്രി രണ്ടുമണിക്ക് ഷട്ടര്‍ കുത്തിപ്പൊളിച്ച് ഷോപ്പിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും മറ്റ് അനുബന്ധ സാധനങ്ങളും കവര്‍ന്നിരുന്നു. വിവിധ ഇടങ്ങളില്‍ നടന്ന മോഷണങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കടയുടമകള്‍ പാറശ്ശാല പൊലീസിന് കൈമാറിയിരുന്നു. സി.ഐ ആസാദ് അബ്ദുല്‍ കലാം, എസ്.ഐ രാജേഷ്, എസ്.ഐമാരായ ശിവകുമാര്‍, അജേന്ദ്രന്‍, ഷിബു തുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വീട്ടിൽ കയറി ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
ആര്യനാട്: പുളിമൂട് രാജി ഭവനിൽ ടി.എസ്. രാജേഷിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ സജികുമാർ (48), പുളിമൂട് വിളയിൽ വിളാകത്ത് വീട്ടിൽ പ്രദീഷ് കുമാർ (38), പുളിമൂട് വിളയിൽ വിളാകത്ത് വീട്ടിൽ സുനിൽ കുമാർ (41)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 30ന് രാത്രി 11ഓടെയായിരുന്നു ആക്രമണം.
സജികുമാറിന്റെ മകൻ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുടെ മാതാവിനെ രാജേഷ് അസഭ്യം വിളിച്ചതായി പൊലീസ് പറഞ്ഞു. മാതാവിന്റെ പരാതിയിൽ രാജേഷിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു. രാത്രി തന്നെ സജികുമാറും സുഹൃത്തുക്കളും ചേർന്ന് രാജേഷിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.