ധനുവച്ചപുരത്ത് ഗുണ്ടാവിളയാട്ടം; മൂന്ന് യുവാക്കളെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിടികൂടി
text_fieldsപാറശ്ശാല: ധനുവച്ചപുരത്ത് ഗുണ്ടാവിളയാട്ടം. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യുവാക്കളെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഐ.എച്ച്.ആര്.ഡിക്ക് സമീപത്തുനിന്ന് പൊലീസ് പിടികൂടി.
കളിയിക്കാവിള സ്വദേശിയായ സല്മാന് (19), എള്ളുവിള സ്വദേശിയായ അബിന്‍ (20), വെള്ളറട സ്വദേശിയായ അഖില്‍(20)എന്നിവരെയാണ് പികൂടിയത്. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ധനുവച്ചപുരം എന്‍.എസ്.എസ് സ്കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകള്‍ അടിച്ചുതകര്‍ക്കുകയും കാമറ മോഷ്ടിക്കുകയും ചെയ്തു.
പിന്നീട് ബൈക്കിലെത്തി കോളജിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്ത ധനുവച്ചപുരം കൊച്ചുകൈതറത്തലവീട്ടില് അനൂപിന്റെ കാറിന്റെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് അക്രമികള്‍ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂളിലെ കാറും അടിച്ച് തകര്‍ത്തു. വീണ്ടും ധനുവച്ചപുരത്ത് തിരികെയെത്തി ചെമ്പറ ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തകര്‍ത്തു. ധനുവച്ചപുരത്തും സമീപപ്രദേശത്തുമായി സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിതോരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
പിടിയിലായ മൂന്നുപേരും ധനുവച്ചപുരം ഐ.എച്ച്.ആര്.ഡി കോളജിലെ വിദ്യാർഥികളാണ്. സ്ഥിരം എസ്.എഫ്.ഐ-എ.ബി.വി.പി വിദ്യാർഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമായതിനാൽ ഈ വിഷയത്തില്‍ അടിയന്തരമായി ജില്ലപൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥന് ഇടപെട്ടു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ശ്രീശാന്തിന്റെയും പാറശ്ശാല സി.ഐ സതികുമാറിന്റെയും നേതൃത്വത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരുന്നു. സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.