മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം
text_fieldsപാറശ്ശാല: വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. കോട്ടപ്പുറം പുതിയപള്ളിക്കുസമീപം ക്രിസ്റ്റടിമ (55)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ റോബിന്‍സണ്‍(48), തമിഴ്നാട് രാമനാഥപുരം അളകന്കുളം സ്വദേശി എം.ആര്. രാധയെന്ന സീനി മുഹമ്മദ്(55) എന്നിവരെയാണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ല ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധിച്ചത്.
2017 ആഗസ്റ്റ് ഏഴിന് രാത്രി പത്തോടെയാണ് സംഭവം. പുലര്‍ച്ച മത്സ്യബന്ധനത്തിനുപോകാൻ വിഴിഞ്ഞത്തെ കോര്‍പറേഷന്റെ മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ എത്തിയ ക്രിസ്റ്റടിമയെ പ്രതികള്‍ചേര്‍ന്ന് മര്‍ദിച്ചശേഷം ഒന്നാം നിലയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ വിശ്രമിക്കുന്ന സ്ഥലത്ത് ക്രിസ്റ്റടിമ കിടന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊല. കൊലപാതകം നേരില്‍ക്കണ്ട സാക്ഷി മൈക്കിളിന്റെയും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. ഷാരിജയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. പ്രതികള്‍ ഇരുപതിനായിരം രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു. പിഴത്തുക ക്രിസ്റ്റടിമയുടെ ഭാര്യ ഷേര്‍ളിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.