ധനുവച്ചപുരത്ത് വിദ്യാർഥി സംഘർഷം; ഏഴ് പേർക്ക് പരിക്ക്
text_fieldsപാറശ്ശാല: ധനുവച്ചപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്ക്. വി.ടി.എം എൻ.എസ്.എസ് കോളജ്, ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.30 നാണ് സംഭവം.
ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിലെ യൂനിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഹ്ലാദപ്രകടനവും സത്യപ്രതിജ്ഞ ചടങ്ങും കഴിഞ്ഞ് വന്ന എ.ബി.വി.പി പ്രവർത്തകനെ ഐ.എച്ച്.ആര്.ടി.യിലെയും ഐ.ടി.ഐയിലെയും എസ്.എഫ്.ഐക്കാർ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണം.
കോളജ് വിദ്യാർഥികളുടെ ബൈക്കുകളെ എറിഞ്ഞു വീഴ്ത്തി നാലോളം പേരെ എസ്.എഫ്.ഐക്കാര്‍ മർദിച്ച് അവശയാക്കിയതായാണ് പരാതി. എൻ.എസ്.എസ് കോളജിലെ മലയാളം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ആരോമല്‍ (19),ജിഷ്ണു (19),ഗോകുല്‍ (19), യതു (19) എന്നിവരാണ് നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. സംഭവമറിഞ്ഞ് ധനുവച്ചപുരം കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെഎത്തിയെങ്കിലും പൊലീസ് അവരെ തടഞ്ഞു.
സമാന രീതിയില്‍ സംഘം ചേർന്നെത്തിയ ഐ.എച്ച് ആര് ടി, ഐ.ടി ഐ വിദ്യാർഥികളെയും പൊലീസ് തടഞ്ഞു. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ ഐ.എച്ച്.ആർ.ഡി കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥിയും യൂനിറ്റ് കമ്മിറ്റിയംഗവുമായ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ സഞ്ജീവന് മര്‍ദനമേറ്റെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. പരിക്കേറ്റയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. വെള്ളിയാഴ്ച വരെ വി.ടി.എം എൻ.എസ്.എസ് കോളജില്‍ റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.