കനാൽ കരകവിഞ്ഞു; നിരവധി വീടുകളില്‍ വെള്ളം കയറി
text_fieldsപാറശ്ശാല: നെയ്യാര്‍ ഡാം തത്തിയൂര് അപ്ഡേറ്റിന്റെ വലതുകര കനാല്‍ കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. കൃഷിയിടങ്ങള്‍ക്കും സാരമായി നാശം സംഭവിച്ചു. പെരുങ്കടവിള പഞ്ചായത്തിന് കീഴിലെ തത്തിയൂര് അപ്ഡേറ്റ് വലതുകര കനാലാണ് കരകവിഞ്ഞൊഴുകിയത്. എട്ട് വീടുകളില്‍ വെള്ളം കയറി. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നോടെയാണ് സംഭവം.
വീടുകളില്‍ ഉറങ്ങിക്കിടന്നവര്‍ എണീറ്റ് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും ഇറിഗേഷന്‍ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രാവിലെ ഒമ്പതോടെ എത്തിയ ഇറിഗേഷന്‍ വകുപ്പ് അധികൃതർ കനാലിന്റെ വെള്ളമൊഴുകുന്ന ഭാഗം അടച്ചതോടെയാണ് ആശങ്ക അകന്നത്. തത്തിയൂര് ഭാഗത്തെ കനാലില്‍ മാലിന്യം അടിഞ്ഞ് കനാല്‍ അടഞ്ഞതിനെത്തുടര്‍ന്നാണ് വെള്ളം കരകവിഞ്ഞൊഴുകാന്‍ കാരണമെന്ന് അധികൃതർ പറഞ്ഞു. മാലിന്യം നീക്കംചെയ്തശേഷം ജലമൊഴുക്കൽ തുടര്‍ന്നു. സാമൂഹികവിരുദ്ധർ കനാലില്‍ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യവും മറ്റും നിക്ഷേപിക്കുന്നതാണ് കനാല്‍ അടയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ശുചീകരണം നടത്താതെ ഇറിഗേഷന്‍ വകുപ്പ് വെള്ളം തുറന്നുവിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.