തിരിഞ്ഞുനോക്കാൻ ആളില്ല; നെടുന്തറക്കുളവും നീര്‍ച്ചാലുകളും നശിക്കുന്നു
text_fieldsനെടുന്തറക്കുളം
പാറശ്ശാല: മഞ്ചവിളാകം കനാല്‍ വഴി പാടങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്ന പ്രധാന ജലസംഭരണിയായ നെടുന്തറക്കുളം നശിക്കുന്നു. ഒരുകാലത്ത് നെല്‍കൃഷിയുടെ പ്രൗഢിയിലായിരുന്ന നെല്പ്പാടങ്ങളായ മരുതത്തൂര്‍, കുളത്താമ്മല്, ഇരുമ്പില്‍ എന്നീ ഏലാകളിലെ കൃഷിയിടങ്ങളിലേക്ക് മഞ്ചവിളാകം കനാല്‍ വഴി വെള്ളമെത്തിച്ചിരുന്ന പ്രധാനപ്പെട്ട ജലസംഭരണിയായിരുന്നു തവരവിള വാര്‍ഡിലെ നെടുന്തറക്കുളം. മരുതത്തൂര്‍ ഗ്രാമവാസികളില്‍ 65 ശതമാനം പേരും കൃഷിയെ ആശ്രയിച്ച് ജീവിച്ചു പോരുന്നവരാണ്.
പരമ്പരാഗതമായി നെല്‍കൃഷിയും പച്ചക്കറികൃഷിയും നടത്തിവന്ന കര്‍ഷകരെ നേരില്‍കാണാനായി കൃഷി ഓഫീസറും കീഴുദ്യോഗസ്ഥരും നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കീഴ്വഴക്കങ്ങള് നിലവിലില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ക്കാലങ്ങളിലും ഉറവ വറ്റാത്ത കുളം നവീകരണമില്ലാതെ 25 വര്‍ഷമായി ശോചനീയാവസ്ഥയിലാണ്. ഇടതുകര കനാല്‍ വഴി നെടിയാംകോട്, മഞ്ചവിളാകം കനാല്‍ വഴി മരുതത്തൂരില്എത്തിക്കുന്ന വെള്ളമാണ് ഇവിടെ സംഭരിച്ചു പോന്നിരുന്നത്.
ഇവിടെ നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകേണ്ട നിരവധി നീര്‍ച്ചാലുകളും നശിച്ചു. നഗരസഭ തിരിഞ്ഞു നോക്കാത്തതു കാരണം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെയായി. ഇറിഗേഷന്‍ വകുപ്പ് കര്‍ഷകരുടെ കൃഷിരീതികള്‍ അറിയാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൃഷികള്‍ പാടേ കരിഞ്ഞുണങ്ങുന്ന സമയത്ത് തോന്നിയ പടി വെള്ളം തുറന്നു വിടുന്നതും കര്‍ഷകരുടെ ദുരിത വ്യാപ്തി വര്‍ധിപ്പിക്കുന്നു.
കര്‍ഷകര്‍ക്കായി രൂപവത്കരിച്ച കാര്‍ഷിക വികസന സമിതികളില്‍ കൃഷിയെക്കുറിച്ച് അറിയാത്ത രാഷ്ട്രീയക്കാരുടെ കടന്നുകയറ്റവും കൂനിൻമേൽ കുരുവായി. യഥാര്‍ത്ഥ കര്‍ഷകരെ മറന്ന് വേണ്ടപ്പെട്ടവര്‍ക്കായി സബ്സിഡി മാറ്റി നല്‍കുന്നത് യഥാര്‍ത്ഥ കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്തിരിപ്പിക്കാന് പ്രേരിപ്പിക്കുന്നു. കുളങ്ങളില്‍ നിന്നു നീര്‍ച്ചാലുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചുകൊണ്ടിരുന്ന പ്രധാന ചാലുകള്‍ പലതും തകര്‍ന്നടിഞ്ഞു.
കൃഷിപ്പാടങ്ങള്‍ കരഭൂമികളാക്കി വന്‍തോതില്‍ പ്രദേശത്ത് ഭൂമാഫിയ ഇടം പിടിക്കുന്നു. നെടുന്തറക്കുളം ശോചനീയാവസ്ഥയിലായതോടെ പ്രദേശത്ത് വന്‍ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കുളക്കരയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തെരുവ് നായ്ക്കളുടെ ശല്യം വർധിപ്പിക്കുന്നു. നൂറോളം കുടുംബങ്ങളാണ് സമീപത്തുള്ളത്. എത്രയും വേഗം കുടിവെള്ളക്ഷാമംപപരിഹരിക്കാനും കുളം നവീകരണത്തിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.