ഓണമെത്തിയിട്ടും വേതനമില്ല; ഗ്രാമീണ മേഖലയില്‍ നെയ്ത്തുതാളം നിലയ്ക്കുന്നു
text_fieldsപാറശ്ശാല: ഗ്രാമീണ മേഖലകളില്‍ നെയ്ത്തുശാലകളിലെ പ്രവര്‍ത്തനം നിലച്ചു. സ്വകാര്യ കൈത്തറി ഉടമകള്‍ക്ക് വേണ്ടത്ര ഊടും പാവും ലഭിക്കാത്തതും നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ക്ക് വേണ്ടത്ര വിപണി ലഭിക്കാത്തതുമാണ് പ്രതിസന്ധി. സ്വന്തമായി നെയ്ത്ത് വ്യവസായം നടത്തുന്നവര്‍ക്ക് കടകമ്പോളങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ ഇടനിലക്കാര്‍ വഴിയാണ് വിപണനം.
ഇതുവഴിയും നല്ലൊരു തുക ചോരുകയാണ്. ഗ്രാമീണമേഖലകളില്‍ ഉണക്കപ്പാവ് കൊണ്ടാണ് നെയ്ത്ത്. പവര്‍ ലൂം, സ്പിന്നിങ് തുടങ്ങിയവരുടെ കടന്നുകയറ്റവും ഗ്രാമീണ കൈത്തറി തൊഴിലാളികളെ കഷ്ടത്തിലാക്കുന്നു. മേഖലയില്‍ പുതിയതായി വരുന്നവരുടെ കുറവും ഭീഷണിയാണ്.
കൈത്തറി വ്യവസായത്തില്‍ സംസ്ഥാനത്ത് ഒന്നാമതാണ് തിരുവനന്തപുരം. കൈത്തറിയുടെ 96 ശതമാനവും സഹകരണ മേഖലയിലാണ്. ശേഷിക്കുന്ന നാല് ശതമാനത്തിലാണ് കൈത്തറി യൂനിറ്റുകളും സ്വകാര്യ വ്യവസായ സംരംഭകരുമുള്ളത്. ഇവര്‍ക്ക് വര്‍ഷകാലത്തും മറ്റും നഷ്ടം വരുകയാണ്.
രണ്ടുവര്‍ഷമായി വേതനം കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റും സബ്സിഡികളും പല കൈത്തറി വ്യവസായികള്‍ക്കും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ പഠനം നടത്തി ഈ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.