പഴകുറ്റി മോഹനന് നായര്‍ കൊലക്കേസ്; സുപ്രധാന തെളിവുകൾ ഹാജരാക്കിയില്ല
text_fieldsതിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ നെടുമങ്ങാട് പഴകുറ്റി ഇളവട്ടം കാര്‍ത്തിക വീട്ടില്‍ മോഹനന് നായരെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് മുട്ടത്തറ ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്, ആനാട് ഇളവട്ടം ആകാശ് ഭവനില്‍ സീമ വില്‍ഫ്രഡ്, ബീമാപളളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരെ ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വെറുതെ വിട്ടത്. മോഹനന് നായരുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതി സീമ പലപ്പോഴായി അഞ്ച് ലക്ഷം രൂപ വാങ്ങി. മോഹനന് നായരെ ഉപേക്ഷിച്ച സീമ പിന്നീട് ഷാജിയുമായി ബന്ധം സ്ഥാപിച്ചു.
ഇതില്‍ പ്രകോപിതനായ മോഹനന് നായര്‍ സീമയെയും ഷാജിയേയും ഭീഷമിപ്പെടുത്തുകയും തന്റെ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2015 സെപ്റ്റംബർ 27ന് രാത്രിയിൽ വിഷയം പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞ് മോഹനനന്‍ നായരെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുഹമ്മദ് സുബൈറിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോകുകയും വഴിക്ക് വച്ച് ഷാജി നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു പൊലീസ് കേസ്. ഷാജിയുടെ അടുത്ത സുഹൃത്തും ഗൂഢാലോചനയില്‍ പങ്കാളിയും കേസിലെ നാലാം പ്രതിയുമായിരുന്ന കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സിലില്‍ സജു പിന്നീട് മാപ്പു സാക്ഷിയായി കോടതിയില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.
കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയോ രക്തം പുരണ്ട വസ്ത്രങ്ങളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വിചാരണ വേളയിൽ പറഞ്ഞതൊക്കെ ഒരു നിയമ സാധുതയുമില്ലാത്ത കഥ പോലെ ആയിരുന്നുവെന്നും കോടതി വിധിന്യായത്തിൽ പറയുന്നു.
പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്ക് വേണ്ടി അഭിഭാഷകരായ ബെയ്ലിന് ദാസ്, ജോഷ് രാജന് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.