ഒരുരൂപ കുറഞ്ഞതിന് യാത്രക്കാരന് മർദനം: ബസ് ജീവനക്കാർ അറസ്റ്റിൽ
text_fieldsപേരൂർക്കട: ടിക്കറ്റ് ചാർജിൽ ഒരുരൂപ കുറഞ്ഞതുമായി ബന്ധപ്പെട്ട് സ്വകാര്യബസ് യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ. കണ്ടക്‌ടർ വട്ടിയൂർക്കാവ് മൂന്നാമ്മൂട് സ്വദേശി സുനിൽ (29), ഡ്രൈവർ കാട്ടാക്കട വീരണകാവ് സ്വദേശി അനീഷ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് സ്വദേശി ഷിറാസിനെയാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പേരൂർക്കട അമ്പലംമുക്ക് ജങ്ഷന് സമീപംെവച്ച് സ്വകാര്യബസിനുള്ളിൽ മർദിച്ചത്. ഇലക്ട്രീഷ്യനായ ഷിറാസ് നേരേത്ത ജോലി ചെയ്ത വകയിൽ കിട്ടാനുള്ള ബാക്കി കൂലി വാങ്ങാനായി കല്ലമ്പലത്തുനിന്നും പേരൂർക്കട എത്തിയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി പേരൂർക്കടയിൽ നിന്ന് ഉച്ചക്ക് രണ്ടോടെ സൂര്യ എന്ന സ്വകാര്യ ബസിൽ കയറി.
പാളയം വരെ പോകുന്നതിനായി പേരൂർക്കടയിൽ നിന്ന് സ്വകാര്യബസിൽ 13 രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ ഷിറാസിന്റെ കൈവശം 12 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഒരുരൂപ കുറവുള്ളതിനാൽ യാത്ര പറ്റില്ലെന്നുപറഞ്ഞ കണ്ടക്‌ടർ ഇയാളെ ബസിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. എന്നാൽ ബസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച ഷിറാസിനെ അമ്പലംമുക്കിന് സമീപം ബസ് നിർത്തിയ ശേഷം ഡ്രൈവർ അനീഷും കണ്ടക്‌ടർ സുനിലും ചേർന്ന് അസഭ്യംപറഞ്ഞ് മർദിക്കുകയായിരുന്നു.
ഇതിനുശേഷം യാത്രക്കാരൻ മർദിച്ചെന്ന് ആരോപിച്ച് ബസ് ജീവനക്കാരായ അനീഷും സുനിലും പേരൂർക്കട െപാലീസിൽ വ്യാജപരാതിയും നൽകി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ ആരുംതന്നെ സംഭവത്തോട് പ്രതികരിച്ചില്ലെങ്കിലും യാത്രക്കാരിൽ ഒരാൾ ഈ രംഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് മർദനത്തിനിരയായ ഷിറാസ് സ്വമേധയാ പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ വിവരിക്കുകയായിരുന്നു. വട്ടിയൂർക്കാവ് വയലിക്കടയിൽ നിന്നും പേരൂർക്കട കിഴക്കേകോട്ട വഴി കളിപ്പാൻകുളം വരെ സർവിസ് നടത്തുന്ന സൂര്യ എന്ന സ്വകാര്യ ബസിലെ ജീവനക്കാരെപ്പറ്റി നേരേത്തയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.