മുട്ടടയില്‍ പ്രചാരണത്തിന് വാശിയേറുന്നു: വാര്‍ഡ് നിലനിർത്താനുള്ള തത്രപ്പാടില്‍ സി.പി.എം; വാര്‍ഡ് പിടിക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും
text_fieldsപേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാര്‍ഡില്‍ ഈ മാസം 30 ന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വാശിയേറുന്നു. വാര്‍ഡ് നിലനിറുത്താനുളള തീവ്ര ശ്രമത്തിലാണ് സി.പി.എം. എന്നാല്‍, എന്തുവില കൊടുത്തും വാര്‍ഡ് തിരിച്ചു പിടിക്കാനുളള തന്ത്രങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും അങ്കത്തിനൊരുങ്ങുകയാണ്.
വാര്‍ഡ് കൗണ്‍സിലറുടെ നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2020ലാണ് മുട്ടട വാര്‍ഡ് നിലവില്‍ വന്നത്. 6000ലധികം വോട്ടുകളുളള വാര്‍ഡില്‍ അഞ്ച് ബൂത്തുകളുണ്ട്. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.
സി.പി.എം സ്ഥാനാർഥിയായി പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത് മരപ്പാലം സ്വദേശി അജിത്ത് രവീന്ദ്രനെയാണ് (34). തിരുവനന്തപുരം നഗരസഭ വാര്‍ഡില്‍ അജിത്ത് പുതുമുഖമായാണ് മത്സരത്തിനെത്തുന്നത്. നിലവില്‍ കേശവദാസപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി എല്‍.സി അംഗവുമാണ്.
താന്‍ വിജയിച്ച് നഗരസഭയിലെത്തുന്നതോടെ തന്റെ മുന്‍ഗാമി ബാക്കി വെച്ച കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് സാധിക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അജിത്ത്.
കോണ്‍ഗ്രസ് സ്ഥാനാർഥിയായി വാര്‍ഡില്‍ മത്സരിക്കുന്നത് പട്ടം മരപ്പാലം സ്വദേശി ആര്. ലാലനാണ് (38). കെ.എസ്.യു മുന്‍ മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ്, ജവഹര്‍ ബാലമഞ്ച് നിയോജക മണ്ഡലം ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ലാലന് കളിക്കളത്തില്‍ ഇറങ്ങുന്നത്.
താന്‍ വിജയിച്ചെത്തുന്നതിലൂടെ വാര്‍ഡിലുണ്ടായ വികസന മുരടിപ്പ് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലാലന് ഉറച്ചുനില്‍ക്കുന്നത്. ബി.ജെ.പി വാര്‍ഡില്‍ പോരിന് ഇറക്കിയിരിക്കുന്നത് എസ്. മണിയെ (58)യാണ്. പട്ടം മരപ്പാലം സ്വദേശിയായ മണിക്ക് നിലവില്‍ പാര്‍ട്ടി ഭാരവാഹിത്തം ഒന്നും തന്നെയില്ല.
എങ്ങനെയും വാര്‍ഡ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണി മത്സരത്തിനിറങ്ങിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആയതിനാല്‍ ഇക്കുറി ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി.ജെ.പി നേതൃത്വം എത്തിനില്‍ക്കുന്നത്.
വാര്‍ഡില്‍ തങ്ങള്‍ക്കുളള സ്വധീനം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രദേശിക നേതൃത്വം കരുക്കള്‍ നീക്കുന്നത്. ചുമരെഴുത്തുകളും ഫ്ലക്സ് ബോര്‍ഡുകളും ഏറെക്കുറെ സ്ഥാപിച്ചു. വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യർഥന നടത്തുന്ന തിരക്കിലാണ് മൂന്നു സ്ഥാനാർഥികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.