ജില്ല വികസനസമിതി യോഗം; പൊന്മുടി പാത നവീകരണം വേഗം പൂര്‍ത്തിയാക്കും
text_fieldsപേരൂർക്കട: പൊന്മുടി പാതയില്‍ ചുള്ളിമാനൂര്‍ - തൊളിക്കോട് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. പൊന്മുടി റോഡിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
തൊളിക്കോട് ജങ്ഷനിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഈ ഭാഗത്തെ ഓട നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നും ടാറിങ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
കല്ലാറില്‍ സുരക്ഷനടപടികളുടെ ഭാഗമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായും ലൈഫ് ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ബോണക്കാട് കെ.എസ്.ആര്.ടി.സിയുടെ സ്റ്റേ ബസ് പുനഃസ്ഥാപിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോവിഡിന് മുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കണമെന്ന് കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ക്ക് യോഗം നിർദേശം നല്കി. ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി ഡി.ടി.പി.സി അറിയിച്ചു. വിവിധ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.