ഡ്രെയിനേജ് മാലിന്യത്തിൽ വീർപ്പുമുട്ടി പേരൂർ നിവാസികൾ
text_fieldsപേരൂർക്കട: ആഴ്ചകളോളമായി പ്രധാന റോഡിലൂടെ പൊട്ടിയൊഴുകുന്ന ഡ്രെയിനേജ് മാലിന്യം ചവിട്ടി നടക്കാൻ വിധിക്കപ്പെട്ട് പേരൂർനിവാസികൾ. അമ്പലമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന ഇൻറർലോക്ക് പാകിയ റോഡിലാണ് ഡ്രെയിനേജ് മാലിന്യം പരന്നൊഴുകുന്നത്. അമ്പലമുക്ക് ജങ്ഷന് സമീപം ഓട അടഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഡ്രെയിനേജിലെ തടസ്സം മൂലം മലിനജലം റോഡിലേക്ക് പരന്നൊഴുകുകയാണ്. നൂറുകണക്കിന് ജനങ്ങൾ കാൽനടയായി ഉപയോഗിക്കുന്ന വഴിയിലാണ് 150 മീറ്ററോളം ദൂരത്തിൽ മാലിന്യം കലർന്ന ജലം ഒഴുകിപ്പരക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും നാട്ടുകാരും വിദ്യാർഥികളും മലിനജലത്തിൽ ചവിട്ടിയാണ് കടന്നുപോകുന്നത്.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്കും ദുരിതമായി മാറിയിരിക്കുന്നു ഇത്. തിരുവനന്തപുരം നഗരസഭയോ ആരോഗ്യഅധികൃതരോ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നില്ല. ഒരാഴ്ചയായി പരാതി പറഞ്ഞ് മടുത്തിരിക്കുകയാണെന്നും യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. പാതയിലേക്ക് കടക്കുന്ന വാഹനങ്ങൾ മലിനജലം ശരീരത്തിൽ തെറിപ്പിക്കുന്നതിനാൽ ഏറെ ദുരിതത്തിൽ കഴിയുകയാണ് കാൽനടയാത്രികർ. റോഡിന്റെ ഇരുവശത്തുമുള്ള വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടക്കാരും ദുരിതത്തിലാണ്. ഇടക്കിടെ മഴ പെയ്യുന്നതിനാൽ മലിനജലം വീടുകളിലേക്ക് എത്തുമോ എന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. നഗരസഭ അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.