വഴയില-പഴകുറ്റി നാലുവരിപ്പാത; 117 കോടി നഷ്ടപരിഹാരത്തുക കലക്ടർക്ക് കൈമാറി
text_fieldsപേരൂർക്കട: വഴയില-പഴകുറ്റി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകിയവർക്ക് നഷ്ടപരിഹാരതുകയായ 117.78 കോടി രൂപ മന്ത്രി ജി.ആർ അനിൽ ജില്ല കലക്ടർ ജെറോമിക് ജോർജിന് കൈമാറി. ആഗസ്റ്റ് മാസത്തോടെ നഷ്ടപരിഹാരത്തുക ഭൂഉടമകൾക്ക് വിതരണം ചെയ്യുന്ന തരത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് റീച്ചുകളിലായാണ് നാലുവരിപ്പാത നിർമാണം നടക്കുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിൽ ഏഴ് ഏക്കർ 80 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആദ്യ റീച്ചിൽ 359 പദ്ധതി ബാധിതരാണുള്ളത്. 271 പേർക്ക് 4,73,64,000 രൂപയാണ് കെ.ആർ.എഫ്.ബി പുനരധിവാസ പാക്കേജായി അനുവദിച്ചിട്ടുള്ളത്.
പൂർണമായും വീട്നഷ്ടപ്പെട്ടവർക്ക് 4,60,000 രൂപയും, വാടകകെട്ടിടത്തിൽ തൊഴിലാളികൾ ഉൾപ്പെടെ വ്യാപാരം നടത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും, സ്വന്തം കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും, ഈ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 36,000 രൂപയും പുറമ്പോക്കിൽ വ്യാപാരം നടത്തുന്നവർക്ക് 30,000 രൂപയുമാണ് പുനരധിവാസ പാക്കേജിലുള്ളത്.
ആദ്യ റീച്ചിൽ 4.16 കിലോമീറ്ററും കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെയുള്ള രണ്ടാമത്തെ റീച്ചിൽ 3.96 കിലോമീറ്ററും വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി കച്ചേരിനട 11ാം കല്ല് വരെയുള്ള മൂന്നാം റീച്ചിൽ 3.2 കിലോമീറ്ററുമാണ് പദ്ധതി. 11.24 കിലോമീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലുമാണ് പാത ഡിസൈൻ ചെയ്തിരിക്കുന്നത്.
നാലുവരിപ്പാതയോടനുബന്ധമായ കരകുളം പാലത്തിന്റെയും ഫ്ളൈ ഓവറിന്റെയും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലെ റോഡ് സർവീസ് റോഡായി ഉപയോഗിക്കാനാണ് പദ്ധതി. മേൽപ്പാല നിർമാണത്തിന് 60 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. സെപ്തംബർ മാസത്തോടെ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം റീച്ചിനുള്ള 173.89 കോടി രൂപയുൾപ്പെടെ 291.67 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.
കലക്ടറേറ്റ് കോൺഫറൻസ്ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണി, മറ്റ് ജനപ്രതിനിധികൾ, എ.ഡി.എം അനിൽജോസ് .ജെ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോൺ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജീജ ഭായ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.