മഴ: തിരുവനന്തപുരത്ത് രക്ഷകരായി ഫയര്‍ഫോഴ്സ്, 400ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്
text_fieldsപേരൂര്‍ക്കട: നഗരത്തിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ച ശക്തമായി പെയ്ത മഴയില്‍ രക്ഷകരായി തിരുവനന്തപുരം ഫയര്‍ഫോഴ്സ്. ഡിങ്കി ബോട്ടുകളും മറ്റ് രക്ഷാ ഉപകരണങ്ങളുമായി ഇവര്‍ ജോലിയില്‍ വ്യാപൃതരായത് നീണ്ട 24 മണിക്കൂര്‍. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫിസിലേക്ക് ഇത്രയും സമയത്തിനുള്ളില്‍ 60ഓളം കോളുകളാണ് ലഭിച്ചത്. വീടുകളില്‍ വെള്ളം കയറിയതുമൂലം ഒറ്റപ്പെട്ട അവസ്ഥയിലെത്തിയ 400ഓളം പേരെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.
ഇതില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. 23ഓളം ജീവനക്കാരാണ് ഇടതടവില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. തിരുവനന്തപുരം നഗരപരിധിയില്‍ പട്ടം, മുട്ടട, വയലിക്കട, മരപ്പാലം, ഗൗരീശപട്ടം, കണ്ണമ്മൂല, അര്‍ച്ചന നഗര്‍, ശ്രീകാര്യം, വടൈക്കാട്, പുത്തന്‍പാലം, പാറോട്ടുകോണം, വഴയില, വേറ്റിക്കോണം, തേക്കുമ്മൂട് പാലം, തട്ടിനകം, പോങ്ങുമ്മൂട് എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
മൊത്തം 18 കിടപ്പുരോഗികളെയാണ് രക്ഷപ്പെടുത്തിയത്. 91 സ്ത്രീകളെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. 49 കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചൂഴമ്പാല ശാസ്ത ക്ഷേത്രത്തിന് സമീപം അഞ്ചുമുക്ക് വയലില്‍ കിടപ്പുരോഗികളായ ഒരു സ്ത്രീയെയും പുരുഷനെയും ഫയര്‍ഫോഴ്സ് രക്ഷിച്ചു.
പുറത്തിറങ്ങാനാകാതെ കിടക്കയുടെ പകുതിയോളം പൊക്കത്തിലായിരുന്നു വെള്ളമുണ്ടായിരുന്നത്. കവടിയാര്‍ ആര്.ആര് ലെയിനില്‍ ശക്തമായ മഴയില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ ഒഴുകിപ്പോയി. പേരൂര്‍ക്കട സ്റ്റേഷന് പരിധിയില്‍ കൈരളി നഗറില്‍ ഏകദേശം 10 കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു.
പേരൂര്‍ക്കട ലോ അക്കാദമിക്ക് സമീപം ഹരിതനഗറില്‍ മതിലിടിഞ്ഞ് കരിങ്കല്ലുകള്‍ റോഡിൽ ചിതറി. ഹാര്‍വിപുരത്ത് ഒരു വീട് അപകടഭീഷണിയിലാണ്. വീടിന്റെ മതില് മഴയില്‍ പൂര്‍ണമായും ഒലിച്ചുപോയി. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫിസില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ രാമമൂര്‍ത്തി, ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ അജിത്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട നാല് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു; കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി പാർപ്പിച്ചു
മെഡിക്കല്‍ കോളജ്: മഴയിൽ വെള്ളം കയറിയതിനെതുടർന്ന് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി. കണ്ണമ്മൂല, വഞ്ചിയൂര്‍, പാറ്റൂര്‍ (അയ്യന്‍കാളി നഗര്‍), പുത്തന്‍പാലം, കുമാരപുരം, പോങ്ങുംമൂട് (അര്‍ച്ചന നഗര്‍), ഉള്ളൂര്‍ (കൃഷ്ണ നഗര്‍), ഗൗരീശപട്ടം ഭാഗങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ച 2.15 മുതല്‍ തന്നെ ചാക്ക ഫയര്‍ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കണ്ണമ്മൂല പുത്തന്‍പാലം സ്വാതിനഗറില്‍ കിടപ്പുരോഗിയായ ലീലാംബികയെയും ഗീത, പൊടിച്ചി, രാധ, തങ്കം, തമ്പി എന്നിവരില്‍ ചിലരെ ബന്ധുവീടുകളിലേക്കും മറ്റുള്ളവരെ ക്യാമ്പുകളിലേക്കും മാറ്റി. പൊങ്ങുംമൂട്ടില് മഞ്ജു, ഉള്ളൂര്‍ കൃഷ്ണനഗറില്‍ ശ്രീകുമാരി, രാജന് (72) എന്നിവരെ ആശുപത്രിയില്‍ പോകാന്‍ ഫയര്‍ ഫോഴ്സ് സംഘം സൗകര്യമൊരുക്കി. പാറ്റൂര്‍ അയ്യന്‍കാളി നഗര്‍ ശ്രീ ശൈലം വീട്ടില്‍ രാജേന്ദ്രന്, ശൈലജ, ബാബു, മഞ്ജു, കൊല്ലൂര്‍ പണയില്‍ വീട്ടില്‍ പ്രശാന്ത്, രമണി, ബാബു എന്നിവരെ വീടുകളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു.
കണ്ണമ്മൂല വഴയിക്കാട് ഷൈനി നിവാസില്‍ ബിജു, ഷൈനി, അനഘ എന്നിവരെയും ആമയിഴഞ്ചാന്‍ തോടില്‍ നിന്നും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പാറ്റൂര്‍ സ്വദേശി നബീസയെ വീട്ടില്‍ അപകടകരമായ തരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കസേരയില്‍ ബന്ധുവീട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.