മ്യൂസിയത്തിന് സമീപം തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു
text_fieldsപേരൂർക്കട: മ്യൂസിയത്തിന് സമീപം ഫുട്പാത്തിൽ നിന്നിരുന്ന തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. വൻ അപകടം ഒഴിവായി. കഴിഞ്ഞദിവസം രാവിലെ 9.45ഓടെയാണ് വലിയശബ്ദത്തോടെ മരക്കൊമ്പ് നിലംപൊത്തിയത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ ഓഫിസിനോട് ചേർന്ന മതിലിനുള്ളിലേക്കാണ് കൊമ്പ് പതിച്ചത്.
ഈ സമയം സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മരക്കൊമ്പ് വീണ മതിലിന്റെ കുറെ ഭാഗം തകർന്നു. 125 വർഷത്തോളം പഴക്കമുള്ള മരത്തിന്റെ കൊമ്പ് കാലപ്പഴക്കത്താൽ കേട് ബാധിച്ചതിനെ തുടർന്നാണ് ഒടിഞ്ഞുവീണത്. തിരുവനന്തപുരം അഗ്നിരക്ഷാനിലയത്തിൽനിന്ന് ഉദ്യോഗസ്ഥരെത്തി കൊമ്പ് മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വലിയ ശിഖരമായതിനാൽ സാധിച്ചില്ല. തുടർന്ന് നഗരസഭ അധികൃതരെ വിവരമറിയിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് മാറ്റി.
ഫുട്പാത്തിലെ മരങ്ങൾ ഭീഷണിയാകുന്നു
തിരുവനന്തപുരം: പാളയം, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ മുതൽ അമ്പലംമുക്ക് വരെ പാതയോരത്ത് നിൽക്കുന്ന മരങ്ങൾ കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള രാജവീഥിയോട് ചേർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ.
അപകടാവസ്ഥയിലായ വൻമരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഈ ഭാഗത്ത് നിരവധി തെരുവ് വിളക്കുകളാണ് നഷ്ടമായത്. അതിൽ ഏറെയും രാജഭരണകാലത്ത് സ്ഥാപിച്ചിരുന്ന ഭംഗിയേറിയ വിളക്കുകളാണ്. നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന തിരക്കേറിയ സ്ഥലമായതിനാൽ ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി വന്നുപോകുന്നത്. വേനൽ മഴക്കുള്ള സാധ്യത മുന്നിൽകണ്ട് അപകടാവസ്ഥയിലായ മരങ്ങൾ എത്രയുംവേഗം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.