യുവതിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsപേരൂർക്കട: അലങ്കാര സസ്യവിൽപന കടയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കാവുന്നയാളെ ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്നെന്ന് കരുതുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ അമ്പലംമുക്ക് സാന്ത്വന ജങ്ഷനു സമീപത്തെ കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചതിൽനിന്നാണ് ചിത്രത്തിലുള്ളയാളാകാം പ്രതിയെന്ന നിഗമനത്തിൽ പൊലീസെത്തിയത്. സംഭവത്തിനുശേഷം ഇയാൾ സഞ്ചരിച്ചെന്ന് കരുതുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു.
ഓട്ടോയിൽ കയറിയ ഇയാൾ മെഡിക്കൽ കോളജിൽ പോകണമെന്നാവശ്യപ്പെട്ടെന്നും അതിനുശേഷം മുട്ടട ആലപ്പുറം കുളത്തിനു സമീപം ഇറങ്ങിയെന്നും ഡ്രൈവർ മൊഴി നൽകി. ഇയാളുടെ വലതുകൈയിൽ മുറിവുണ്ടെന്നും ഡ്രൈവർ പറഞ്ഞു. ഓട്ടോ ഡ്രൈവറുടെയും കുളത്തിന്റെ സമീപവാസിയായ ഒരാളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.
മലയാളം വ്യക്തമായി സംസാരിക്കാത്ത യുവാവെന്ന് തോന്നിക്കുന്നയാളെയാണ് പ്രതിയായി സംശയിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് നെടുമങ്ങാട് കരുപ്പൂര് വാണ്ട സ്വദേശിനി വിനിതയെ കടക്ക് സമീപത്തെ താൽക്കാലിക ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് എ.സി. ദിനരാജ്, കൺട്രോൾ റൂം എ.സി. പ്രതാപൻ നായർ, പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ സജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.