വിഴിഞ്ഞത്തേക്ക് റെയിൽവേ കോറിഡോർ ആവശ്യപ്പെട്ട് നിവേദനം
text_fieldsതിരുവനന്തപുരം: നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് ഗ്രീൻ ഫീൽഡ് റെയിൽവേ കോറിഡോർ വേണമെന്ന് ആവശ്യം. നിർമാണമാരംഭിച്ച അങ്കമാലി- ശബരി റെയിൽപാതയെ ബാലരാമപുരത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയിൽവേ വകുപ്പ് മന്ത്രി, വ്യവസായ മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി, തിരുവനന്തപുരം എം.പി, ആറ്റിങ്ങൽ എം.പി എന്നിവർക്ക് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ നിവേദനം നൽകി.
എരുമേലിയിൽനിന്ന് തിരുവനന്തപുരത്തിന് ശബരി റെയിൽപാത നീട്ടുന്നതിന് റെയിൽവേ സർവേ നടത്തിയിട്ടുണ്ട്. അങ്കമാലി- ശബരി റെയിൽവേയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽനിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് ബാലരാമപുരത്തേക്ക് റെയിൽവേ ലൈൻ നിർമിക്കണമെന്നാണ് ആവശ്യം.
ശബരി പദ്ധതിക്കായി അങ്കമാലിമുതൽ കാലടിവരെ എട്ടുകിലോമീറ്റർ ട്രാക്കും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേ പാലവും നിർമിച്ചുകഴിഞ്ഞു. ശബരി റെയിൽവേക്കായി നടപ്പ് സാമ്പത്തികവർഷം 100 കോടി രൂപ ബജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ പരിശോധനക്കായി ദക്ഷിണ റെയിൽവേ സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് അങ്കമാലി-ശബരി റെയിൽവേയെ വിഴിഞ്ഞം തുറമുഖത്തേക്കും തലസ്ഥാനത്തേക്കുമുള്ള രണ്ടാമത്തെ റെയിൽവേ കോറിഡോറായി വികസിപ്പിക്കണമെന്നാണ് ആവശ്യം.
ഇതിലൂടെ ശബരി പദ്ധതിയിൽ കേരളത്തിന് പുതിയ 25 റെയിൽവേ സ്റ്റേഷനുകൾകൂടി ലഭിക്കും. പത്തനംതിട്ട ജില്ല ആസ്ഥാനത്തേക്ക് തലസ്ഥാനത്തുനിന്ന് റെയിൽവേ യാത്രസൗകര്യം ലഭിക്കുമെന്നും ഗ്രീൻ ഫീൽഡ് റെയിൽവേ കൊല്ലം- ചെങ്കോട്ട റെയിൽപാതയുമായി പുനലൂരിൽ ചേരുന്നതിനാൽ തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്കുള്ള സൗകര്യമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞത്തേക്ക് റെയിൽവേ കോറിഡോർ ആവശ്യപ്പെട്ട് നിവേദനം
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം, വാഴക്കുളം പൈനാപ്പിൾ, തൊടുപുഴ കിൻഫ്ര സ്പൈസെസ് പാർക്ക്, കോതമംഗലം- നെല്ലിക്കുഴിയിലെ ഫർണിച്ചർ ക്ലസ്റ്ററർ, കിൻഫ്ര ഫുഡ് പാർക്ക് തുടങ്ങിയ വ്യവസായകേന്ദ്രങ്ങളെ പുതിയ റെയിൽവേ കോറിഡോർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വികസനത്തിന് സഹായകരമാകും. കിഴക്കൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം വർധിക്കും.
ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ തുടങ്ങിയവ ദേശീയ-അന്തർദേശീയ വിപണികളിൽ എത്തിക്കാൻ തുറമുഖവും സമാന്തര റെയിൽവേ കോറിഡോറും സഹായകരമാകുമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാനതല ഫെഡറേഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബുപോൾ എക്സ് എം.എൽ.എ, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, അജി ബി. റാന്നി, ദിപു രവി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.