ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിച്ച് ഫോട്ടോ പ്രദർശനം
text_fieldsതിരുവനന്തപുരം: വിശ്വസാഹിത്യരംഗത്തെ അതികായനായ റഷ്യൻ സാഹിത്യകാരൻ ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിച്ച് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം ജനുവരി 31 ന് സമാപിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശന സമയം.
ദസ്തയേവ്സ്കിയുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചും പ്രദർശനത്തിൽ വിവരിക്കുന്നു. പ്രധാന കൃതികൾ, എഴുതിയ വർഷം, പൂർണമായ ജീവിതരേഖ, ജോസഫ് ഫ്രാങ്ക് എഴുതിയ ജീവചരിത്ര ഗ്രന്ഥ വിവരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. 1950കൾ മുതൽ മലയാളികൾ ആരാധിച്ച ദസ്തയേവ്സ്കിയെക്കുറിച്ച് പറയുന്ന ഭാഗമാണ് ദസ്തയേവ്സ്കി മലയാളത്തിൽ എന്ന വിഭാഗത്തിലുള്ളത്. ഇടപ്പള്ളി കരുണാകര മേനോൻ, എൻ.കെ. ദാമോദരൻ, വേണു വി .ദേശം എന്നിവരെ ഇവിടെ അവതരിപ്പിക്കുന്നു. ആഫ്രിക്കൻ എഴുത്തുകാരൻ കൂറ്റ്സി, പെരുമ്പടവം ശ്രീധരൻ എന്നിവർ എഴുതിയ ദസ്തയേവ്സ്കി കഥാപാത്രമായ നോവലുകളെക്കുറിച്ചും അവലംബിത ചലച്ചിത്രങ്ങളെക്കുറിച്ചും പ്രദർശനത്തിൽ പരാമർശിക്കുന്നു.
രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഫോട്ടോകൾ കിട്ടാൻ പ്രയാസം നേരിട്ടെന്ന് പ്രദർശന ചുമതല വഹിക്കുന്ന സീനിയർ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രറിയൻ പി.യു. അശോകൻ പറഞ്ഞു. ഫോട്ടോകൾ സ്കാൻ ചെയ്ത് റെസലൂഷൻ കൂട്ടി ആവശ്യമായ അടിക്കുറിപ്പുകളോടെ 50 മീറ്റർ നീളത്തിൽ ദൃശ്യഭംഗി കിട്ടുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന ആശയം മാസങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേൽത്തരം തുണിയിൽ ചിത്രങ്ങൾ പ്രിന്റ് ചെയ്ത് തുറന്ന പ്രതലത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ദസ്തയേവ്സ്കിയുടെ ജീവചരിത്രകാരനായ ജോസഫ് ഫ്രാങ്കിന്റെ അഞ്ചു വോള്യങ്ങളുള്ള പുസ്തകത്തെയാണ് ഫോട്ടോകൾക്കായി മുഖ്യമായി ആശ്രയിച്ചത്. തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽനിന്ന് കുറേ ഫോട്ടോകൾ കിട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.