പൈപ്പ് പൊട്ടൽ: പ്രശ്നം പരിഹരിച്ചു, കുടിവെള്ളവിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: അരുവിക്കര നിന്ന് മൺവിള ടാങ്കിലേക്കുള്ള പൈപ്പ്ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനുസമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്നുള്ള അറ്റൂകുറ്റപ്പണി പൂർത്തിയാക്കി പമ്പിങ് ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആദ്യഘട്ട പമ്പിങ് ആരംഭിച്ചത്. ഇടവക്കോട് തട്ടിനകം പാലത്തിനു സമീപമുള്ള പഴയ കോൺക്രീറ്റ് പൈപ്പിൽ പൊട്ടലുണ്ടായതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർകോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടത്. ചോർച്ച പരിഹരിക്കാൻ അന്നു തന്നെ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചു. കാൽനൂറ്റാണ്ടോളം പഴക്കമുള്ള 900 എം.എം പി.എസ്.സി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്.
പഴയ പൈപ്പിനു പകരം പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള ജോലികളാണ് തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയാക്കിയത്. ജലവിതരണം തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കടുത്ത ചൂടിൽ മൂന്നു ദിവസം കുടിവെള്ളം കൂടി ഇല്ലാതായത് പൊതുജനത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പണി പൂർത്തിയായതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആറ്റിപ്ര, പൗണ്ട്കടവ്, കുളത്തൂർ, ശ്രീകാര്യം, എൻജിനിയറിങ് കോളജ്, പൗഡിക്കോണം ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയോടെ കുടിവെള്ളം എത്തിത്തുടങ്ങി.
കാട്ടായിക്കോണം ഉൾപ്പെടെയുള്ള മറ്റു ഭാഗങ്ങളിൽ ചൊവ്വാഴ്ചയോടെ മാത്രമേ പമ്പിങ് ആരംഭിക്കുകയുള്ളൂവെന്നാണ് ജല അതോറിട്ടി അധികൃതർ പറയുന്നത്. എല്ലായിടത്തും ശുദ്ധജലവിതരണം പഴയ മട്ടിലെത്താൻ രണ്ട് ദിവസമെടുക്കുമെന്നാണ് അധികൃതരുടെ പക്ഷം. വേനൽ കടുത്തു നിൽക്കുന്ന അവസ്ഥയിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്മാർട്ട് സിറ്റി റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി ഇടങ്ങളിൽ ചോർച്ചയും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയും ഉണ്ടായി. ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജല അതോറിറ്റി അടിയന്തരനടപടി സ്വീകരിക്കാറുണ്ടെങ്കിലും ജലവിതരണം പഴയപോലെയാകാൻ ദിവസങ്ങളെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.