63 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി; ആമയിഴഞ്ചാൻ തോട് ശുചീകരിക്കാൻ പദ്ധതിയായി
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ റെയിൽവേ കോമ്പൗണ്ടിനുള്ളിലെ തുരങ്കം ഉൾപ്പെടെ പഴവങ്ങാടി ഭാഗം ശുചീകരിക്കുന്നതിന് 63 ലക്ഷം രൂപയുടെ പദ്ധതിക്ക് ഇറിഗേഷൻ വകുപ്പിന് അനുമതി. ശുചീകരണ തൊഴിലാളി മുങ്ങിമരിച്ച സംഭവത്തെതുടർന്ന് പഴവങ്ങാടി തോട് ശുചീകരണത്തിനുള്ള വിവിധ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തടക്കം മാലിന്യം നീക്കി തോടിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ ടണലിലെ മാലിന്യം ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ യന്ത്രങ്ങളുപയോഗിച്ചുനീക്കാൻ മൂന്നു മാസത്തെ സമയമാണ് മുഖ്യമന്ത്രി വിളിച്ചയോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം പൂർണമായി നീക്കുമെന്നാണ് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശുചീകരണ തൊഴിലാളിയുടെ മരണത്തെതുടർന്ന് കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറിയും റിപ്പോർട്ട് നൽകിയിരുന്നു.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പകലും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചെന്ന് തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയും കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.