പദ്ധതികൾ പാതിവഴിയിൽ; തെരുവുനായ്ക്കളിൽ നാലിലൊന്നിനും പേവിഷബാധ
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ ഒരാഴ്ചമുമ്പ് 38 പേരെ കടിച്ച തെരുവുനായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിന്റെ ആശങ്ക ഒഴിയും മുമ്പ് ജില്ലയിൽ തെരുവുനായ്ക്കളിൽ നാലിലൊന്നിനും പേവിഷബാധയെന്ന് കണ്ടെത്തൽ.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ(സിയാദ്) കഴിഞ്ഞ മൂന്നുമാസത്തിനിടെ നടത്തിയ 65 ഓളം സാമ്പ്ൾ പരിശോധനയിലാണ് 20 നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷബാധക്കെതിരെ തെരുവുനായ്ക്കളിലടക്കം നടത്തിവരുന്ന പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏൽക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണ് ഈ വർഷമുള്ളത്.
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് 21 പേവിഷമരണങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിതി അതിഗുരുതരമായി തുടരുമ്പോഴും തെരുവുനായ് നിയന്ത്രണത്തിന് ആവിഷ്കരിച്ച സർക്കാർ പദ്ധതികളെല്ലാം പാതിവഴിയിലുമാണ്. ഈ വർഷം ജൂലൈവരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ശേഖരിച്ച വളർത്തുനായ്ക്കളടക്കമുള്ളവയുടെ സാമ്പ്ൾ പരിശോധനയിലാണ് പേവിഷബാധ വ്യക്തമായത്.
പേവിഷബാധ സംശയത്താൽ ചത്ത മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിക്കുന്നത്. പൂച്ച, കുറുക്കൻ, പശു, അണ്ണാൻ തുടങ്ങിയവയുടെ സാമ്പിളുകളും ഈ കാലയളവിൽ പരിശോധിച്ചു. പൂച്ചകളിൽ നടത്തിയ 21 സാമ്പിൾ പരിശോധനയിൽ അഞ്ചെണ്ണത്തിൽ പേവിഷബാധ കണ്ടെത്തി. കുറുക്കന്മാരിൽ നിന്നുള്ള മൂന്ന് സാമ്പിളുകളിൽ മൂന്നിലും പേവിഷബാധ സ്ഥിരീകരിച്ചു.
തെരുവുനായ്ക്കൾക്ക് പലപ്പോഴും കുറുക്കന്മാരിൽ നിന്നാണ് പേവിഷബാധ ഏൽക്കാറ്. നായ്കടിയേറ്റ് ചത്ത പശുവിനും പേവിഷബാധ സ്ഥിരീകരിച്ചു. ജില്ലയിൽ തെരുവുനായ് ശല്യം അതിരൂക്ഷമാണ്. മണിക്കൂറിൽ 23 പേർക്ക് നായ്കടിയേൽക്കുന്ന ദയനീയാവസ്ഥയാണ് ഇപ്പോൾ ജില്ലയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.