പൊലീസ് പരിശോധന കാര്യക്ഷമമല്ല; സാമൂഹികവിരുദ്ധർ നിരത്ത് വാഴുന്നു
text_fieldsഅമ്പലത്തറ: പകലും രാത്രിയും പൊലീസ് പരിശോധനകള്‍ നിര്‍ജീവമായതോടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു.
നഗരപരിധിയിലടക്കം സമൂഹികവിരുദ്ധ, ഗുണ്ടാസംഘങ്ങൾ പ്രവർത്തനം വിപുലമാക്കുമ്പോൾ നിരത്തുകൾ സുരക്ഷിതമല്ലാതായി മാറിയിട്ടുണ്ട്. രാപകൽ ഭേദമന്യേ ആരും എവിടെവെച്ചും ആക്രമിക്കപ്പെടാനോ കവർച്ച ചെയ്യപ്പെടാനോ സാധ്യതയേറി. രാത്രിയിൽ ബൈപാസില്‍ നിർത്തിയിടുന്ന ഇതരസംസ്ഥാന വാഹനങ്ങളിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ ശല്യം അടുത്തിടെ വർധിച്ചിട്ടുണ്ട്. ഇതുമൂലം ഇതരസംസ്ഥാനത്തുനിന്ന് വാഹനങ്ങളുമായി വരുന്നവര്‍ പേടിയോടെയാണ് ബൈപാസില്‍ കഴിച്ചുകൂട്ടുന്നത്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന പേടി കാരണം പലരും പണം കൊടുക്കാറാണ് പതിവ്. ബാറുകളടയ്ക്കുന്ന സമയം വീണ്ടും രാത്രി 11 ആക്കിയതോടെ ഇതിനുശേഷമാണ് അക്രമവും പിടിച്ചുപറിയും കൂടുതൽ.
കഴിഞ്ഞ ദിവസം രാത്രി യില്‍ ചാക്ക ബൈപാസില്‍ നടന്ന കൊലപാതകത്തിന് പിന്നിലും ബാറിലുണ്ടായ തര്‍ക്കമായിരുന്നു. മുമ്പ് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പൊലീസ് പിടികൂടി കേസ് എടുത്തിരുന്നു എന്നാല്‍, കോവിഡ് കാലത്ത് ഇത് നിര്‍ത്തിവെച്ചു. പരിശോധകളില്ലെന്ന് കണ്ടതോടെ മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി.
ലഹരി മാഫിയ സംഘങ്ങളുടെ രാത്രികാല താവളങ്ങളും നിരത്തുകളാണ്. പലറോഡുകളിലും രാത്രി കാലത്ത് വെളിച്ചം പോലുമില്ല. ഇത് മുതലാക്കിയാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൊലീസ് പെട്രോളിങ് വാഹനങ്ങള്‍ രാത്രി പലതവണ റോഡിലൂടെ കടന്നുപോയാല്‍ ഒരു പരിധിവരെ ഇത്തരം സംഘങ്ങള്‍ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാൽ, നഗരത്തിലെ പ്രധാന നിരത്തുകളിൽപോലും അർധരാത്രിക്കുശേഷം പൊലീസ് സാന്നിധ്യം നാമമത്രമാണ്.
മുമ്പ് പല ക്രിമിനല്‍ കേസുകളിലും പിടിക്കപ്പെട്ടവരും ശിക്ഷക്കപ്പെട്ടിട്ടുള്ളവരുടെ ഇപ്പോഴത്തെ കൃത്യമായ വിവരങ്ങള്‍പോലും പൊലീസിന്റെ കൈവശമില്ലാത്ത അവസ്ഥയാണ്. ഇത് കാരണം ഇത്തരം സംഘങ്ങളെ നീരിക്ഷിക്കാന്പോലും പൊലീസിന് കഴിയുന്നില്ല. അതാത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ ഇടറോഡുകളിലടക്കം രാത്രിയിൽ ബൈക്ക് പെട്രോളിങ്ങും പ്രധാന റേഡുകളില്‍ ജീപ്പിലും പെട്രോളിങ് നടത്തണമെന്നും നിർദേശമുണ്ട്. ബൈപാസില്‍ കണ്ട്രോള് റൂമില്‍നിന്നുള്ള വാഹനങ്ങളും പരിശോധന നടത്തണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുള്ളത്. ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതാണ് പെട്രോളിങ് സ്ഥിരമായി നടത്താന്‍ കഴിയാത്തതെന്നാണ് പല സ്റ്റേഷനുകളുടെയും ചുമതലയുള്ള ഉദ്യേഗസ്ഥരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.