യുവാവിനെ കൊന്ന് കാൽ വലിച്ചെറിഞ്ഞ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി; ഒട്ടകം രാജേഷിനായി തെരച്ചിൽ തുടരുന്നു
text_fieldsപോത്തൻകോട്: യുവാവിനെ വെട്ടിക്കൊന്ന് കാൽ റോഡിൽ വലിച്ചെറിഞ്ഞ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതികകളിലൊരാളും കൃത്യത്തിലെ മുഖ്യ സൂത്രധാരനുമായ ഒട്ടകം രാജേഷിനെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
കൊലപാതകം നടന്ന പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്, അക്രമികൾ വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ കല്ലൂർ മൃഗാശുപത്രി ജങ്ഷൻ, സംഭവശേഷം ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടത്തെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലം എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പോത്തൻകോട് ഇൻസ്പെക്ടർ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത് ഇതുവരെ പിടിയിലായ 10 പ്രതികളുടെയും അറസ്റ്റ് രേഖപ്പടുത്തി.
കഴിഞ്ഞ ദിവസം പിടിയിലായ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്‍റെ ഭാര്യാ സഹോദരനാണ്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ ഇവർ പൊലീസിന്‍റെ വിദഗ്ധമായ നീക്കത്തിലാണ് ഒളിസങ്കേതം മാറുന്നതിനിടെ വെമ്പായം ചാത്തമ്പാട് വച്ച് പിടിയിലായത്.
ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ, വെഞ്ഞാറമൂട് ചെമ്പുര് സ്വദേശി സച്ചിൻ, കന്യാകുളങ്ങര കുനൂർ സ്വദേശിയും നാഷനൽ ഖോ ഖോ താരവുമായ സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരെ നേരത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊലപാതകത്തിന് നേതൃത്വം നൽകിയ സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും മുട്ടായി ശ്യാമും വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.