ഇൻതിഫാദ; യുവജനോത്സവങ്ങളിൽ രാഷ്ട്രീയം പറയണം –മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ ഉദ്ഘാടന വേദിയിൽ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇന്ത്യയിൽ രാഷ്ട്രീയം പറയരുതെന്നുപറയാൻ ആർക്കാണ് അധികാരമെന്നും ജനാധിപത്യത്തിൽ എല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കലോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോഴും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും പാർശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലത്തും നിലകൊണ്ടത് ചെറുപ്പക്കാരാണ്. മാറ്റത്തിന്റെ പ്രതീകമാണ് ചെറുപ്പക്കാർ. അവർ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളിൽ രാഷ്ട്രീയം പറയാതെ പോകുന്നത് എങ്ങനെ? ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി നടത്തുകയാണ്. എത്ര പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. നാമത് ഇവിടെയല്ലാതെ എവിടെ പറയും. അക്കാര്യം ഉറക്കെ വിളിച്ചുപറയാൻ നിങ്ങൾ കാട്ടുന്ന ധൈര്യമാണ് മനുഷ്യരാശിയുടെ ഭാവി. ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുവേണ്ടി ഒരിറ്റു കണ്ണീർ കേരളത്തിൽ ഒരു യുവജനോത്സവ വേദിയിൽ വീഴുന്നുണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരേ, നിങ്ങൾ ഹൃദയമുള്ളവരാണ്. അടിച്ചമർത്തപ്പെട്ടവരുടെ കൂടെത്തന്നെയാണ് നമ്മൾ നിൽക്കേണ്ടത് -മന്ത്രി പറഞ്ഞു.
തുടർന്ന്, മുഖ്യപ്രഭാഷണത്തിനായി വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ എഴുന്നേറ്റതോടെ, എസ്.എഫ്.ഐ പ്രവർത്തകരും ഒരുവിഭാഗം വിദ്യാർഥികളും സദസ്സിൽനിന്ന് ഇറങ്ങിപ്പോയി. ഇതിൽ അമർഷം രേഖപ്പെടുത്തിയ വി.സി, വിവാദങ്ങൾക്കും മന്ത്രിയുടെ വിമർശനത്തിനും നേരിട്ട് മറുപടി പറയാൻ തയാറായില്ല. പകരം കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഉത്തേജനം നല്ല കലയിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇൻതിഫാദ’ എന്ന പേര് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകൻ ഹൈകോടതിയിൽ ഹരജി നൽകിയതോടെയാണ് പേര് നീക്കാൻ വൈസ് ചാൻസലർ ഉത്തരവിറക്കിയത്. കലോത്സവം പ്രതിഷേധത്തിനുള്ള സ്ഥലമല്ലെന്നായിരുന്നു വി.സിയുടെ നിലപാട്. പേരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. വി.സിയുടെ നടപടിയെ തുടർന്ന് ഹൈകോടതി ഹർജിയിന്മേലുള്ള തുടർനടപടികൾ അവസാനിപ്പിക്കുകയും കലോത്സവ വേദികളിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന ഇൻതിഫാദ ബോർഡുകൾ കോളജ് യൂനിയൻ നീക്കുകയും ചെയ്തിരുന്നു.
അമ്മയെന്ന നിലയിൽ പറയട്ടെ, കലാലയങ്ങളിൽ ഒരുപാട് ജീവനുകൾ നഷ്ടമാകുന്നു -നവ്യ നായർ
തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയത്തിനൊപ്പം സ്നേഹിക്കാൻ കൂടി കുട്ടികൾ പഠിക്കണമെന്ന് ചലച്ചിത്രതാരം നവ്യ നായർ. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. ഒരു രാഷ്ട്രീയവുമില്ലാതെ, അമ്മയെന്ന നിലയിൽ പറയുകയാണ് കലാലയങ്ങളിൽ ഒരുപാട് ജീവനുകൾ നഷ്ടമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം വേണ്ടെന്നല്ല പറയുന്നത്, ഒരാളുടെ ജീവിതത്തിലെ സുവർണ കാലമാണ് കോളജ് ജീവിതം. ഇത് അടിച്ചുപൊളിക്കേണ്ട കാലമാണ്. വലിയ നിലയിലെത്തിയെങ്കിലും നല്ല മനുഷ്യരായി നിങ്ങൾ കലാലയങ്ങളിൽനിന്ന് പറന്നുയരണം. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവിനും മയക്കുമരുന്നിനും അടിപ്പെട്ടുപോകുമ്പോൾ നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണെന്നും നവ്യ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.