പൂന്തുറയിൽ ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിച്ചു
text_fieldsപൂന്തുറ: തീരത്തെ കടലേറ്റത്തില്‍നിന്ന് സംരക്ഷിക്കുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൂന്തുറ ചേരിയാമുട്ടം കടപ്പുറത്താണ് സംസ്ഥാനത്ത് ആദ്യമായി തീരസംരക്ഷണത്തിനായി ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിച്ചുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചൈനയില്‍നിന്നാണ് ഭൂവസ്ത്രക്കുഴലുകള്‍ എത്തിച്ചത്. ഇത് സ്ഥാപിക്കുന്നതിനുള്ള ബാർജ്, ക്രെയിന്‍, മറ്റ് യന്ത്രങ്ങള്‍ തുടങ്ങിയവയുടെ സഹായത്താല്‍ വിദഗ്ദ്ധ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പൂന്തുറ തീരത്തുനിന്ന് 125 മീറ്റര്‍ ഉള്ളില്‍ തീരക്കടലില്‍ 700 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. ഭൂവസ്ത്രക്കുഴലുകള്‍ കടലില്‍ അടുക്കേണ്ട സ്ഥലം, അവിടെയുള്ള ആഴം, ഓരോ ഘട്ടത്തിലുമുള്ള തിരയുടെ ശക്തി, അടിയൊഴുക്ക്, കുഴലില്‍ നിറയ്ക്കേണ്ട മണ്ണിന്റെ സ്വഭാവം അടക്കമുള്ള പരിശോധനകള്‍ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നേരത്തേ നിശ്ചയിച്ച് ഉറപ്പുവരുത്തിയിരുന്നു. തീരക്കടല്‍ വിട്ടുള്ള ഭാഗത്തുനിന്ന് ശേഖരിച്ച മണലിന്റെ അവശിഷ്ടങ്ങള്‍ ഐ.ഐ.ടിയിലെ ലാബിലേക്ക് അയച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
ഭൂവസ്ത്രക്കുഴലുകളില് യന്ത്രസഹായത്തോടെ മണല്‍ നിറച്ച് പിരമിഡ് രൂപത്തിലാണ് കടലിനുള്ളില്‍ അടുക്കുന്നത്. കടുത്ത തീരശോഷണം സംഭവിച്ച തമിഴ്നാട്ടിലെ കടലുണ്ടി-പെരിയ കുപ്പയില്‍ ഭൂവസ്ത്ര ട്യൂബ് സ്ഥാപിച്ചത് വിജയം കാണുകയും നഷ്ടമായ തീരം പതിയെ വീണ്ടെടുക്കയും ചെയ്തിനെതുടര്ന്നാണ് ആദ്യമായി സംസ്ഥാനത്ത് ഭൂവസ്ത്ര ട്യൂബ് സ്ഥാപിക്കാന്‍ തീരുമാനമായത്. 50 മീറ്റര്‍ അകലം പാലിച്ചാണ് ഓരോ 100 മീറ്ററിലും ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിക്കുക. ഇത്തരത്തില്‍ അഞ്ചുഭാഗങ്ങളാക്കിയാണ് ഇവ സ്ഥാപിക്കുക. കടലില്‍ ശക്തമായ തിരമാലകളുണ്ടായാലും അടിത്തട്ട് മുതലുള്ള ജിയോട്യൂബുകളില് തട്ടി ശക്തികുറഞ്ഞ് തിരമാലകളായിരിക്കും പിന്നീട് തീരത്തേക്ക് എത്തുക.
ആഘാതം കുറഞ്ഞുവരുന്ന തിരമാലകള്‍ തീരത്തുനിന്ന് തിരികെ മടങ്ങുമ്പോള്‍ ഇതോടൊപ്പം തിരികെ പോകുന്ന തീരത്തെ മണ്ണ് ട്യൂബുകള്ക്കിടയിലും സമീപത്തും തങ്ങും. ഇത്തരത്തില്‍ വീണ്ടും തിരികെ തീരമുണ്ടാകും. തീരശോഷണത്തിന്റെ തോത് പതിയെ കുറയുന്നതിനൊപ്പം ട്യൂബില്‍ കക്ക, ചിപ്പി, കണവ തുടങ്ങിയ മത്സ്യങ്ങള്‍ പറ്റിപ്പിടിച്ച് വളരാനും കഴിയും. ഇതുവഴി കടലിന്റെ ജൈവസമ്പത്ത് നിലനിർത്തുന്നതിനും സഹായകമാകുമെന്നുമെന്നാണ് കണക്കുകൂട്ടല്‍.ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ (എന്‍.ഐ.ഒ.ടി) സാങ്കേതിക സഹായത്തോടെയാണ് തീരദേശ വികസന കോര്പറേഷന് 19 കോടി മുടക്കി പൂന്തുറയില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടം വിജയം കണ്ടാല്‍ ശംഖുംമുഖം വരെയുള്ള തീരക്കടലില്‍ ഇതേ പദ്ധതി തുടര്‍ന്ന് നടപ്പാക്കും. 150 കോടി രൂപയാണ് പദ്ധതിക്കായി മൊത്തത്തില്‍ വകയിരുത്തിയിട്ടുള്ളത്. തീരങ്ങള്‍ നഷ്ടമായതിനാൽ വര്‍ഷങ്ങളായി മത്സ്യബന്ധനത്തിന് തീരത്തുനിന്ന് കടലില്‍ വള്ളമിറക്കാനോ പരമ്പരാഗതരീതിയില്‍ വല വലിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍.
വള്ളമിറക്കിയാല്‍ തന്നെ മത്സ്യങ്ങളുമായി തീരത്ത് വള്ളം അടുപ്പിക്കാന്‍ കഴിയാറില്ല. ഇതിനാൽ വള്ളങ്ങളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ കടലില്‍ വള്ളങ്ങള്‍ നങ്കൂരമിട്ടശേഷം മത്സ്യങ്ങളുമായി കടലില്‍ ചാടി നീന്തിയാണ് മത്സ്യങ്ങള്‍ കരക്കെത്തിക്കുന്നത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.