വീട്ടമ്മക്ക് കുത്തേറ്റ സംഭവം: പ്രതികള്‍ പിടിയില്‍
text_fieldsപൂന്തുറ: ബീമാപള്ളി ബദരിയനഗറില് വീടിന് സമീപത്ത് സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മക്ക് നെഞ്ചില്‍ കുത്തേറ്റ കേസിലെ ഒന്നും മൂന്നും പ്രതികളെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളായ പന്നിപ്പുഴു ഷാജി എന്ന ഷാജഹാന്, ലെന്കി എന്ന സുള്‍ഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളി ബദരിയനഗര്‍ ടി.സി-71 /1415 ല്‍ കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കുമാരിയുടെ വീടിന് മുന്നിലായിരുന്നു സംഭവം.
ഒന്നാം പ്രതി പന്നിപ്പുഴു ഷാജി (ഷാജഹാന്), രണ്ടാംപ്രതി മാഹീന് ജോൺസൺ, മൂന്നാം പ്രതി സുല്‍ഫി, നാലാം പ്രതി വെള്ള മാഹീന് എന്നിവരാണ് ആക്രമണം നടത്തിയത്. കുമാരിയുടെ വീടിനുമുന്നിലെ പറമ്പിലിരുന്ന് നാല്‍വര്‍ സംഘം മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കുമാരിക്കുനേരെ രണ്ടാം പ്രതി മാഹീന് ജോണ്സണ് നഗ്നതാപ്രദർശനം നടത്തി. ഇത് സമീപവാസിയായ നന്ദു (35) ചോദ്യം ചെയ്തതിനെതുടര്‍ന്ന് മൂന്നാം പ്രതി സുല്‍ഫി ഇരുമ്പ് കമ്പി കൊണ്ട് നന്ദുവിന്റെ തലക്കടിക്കുകയായിരുന്നു.
തലയില്‍ ആഴത്തില്‍ മുറിവേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നന്ദുവിനെ അടിക്കുന്നത് ചെറുക്കുന്നതിനിടെ ഒന്നാം പ്രതി ഷാജഹാന് (പന്നിപ്പുഴു ഷാജി) കത്തി കൊണ്ട് കുമാരിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു.
കുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവശേഷം പ്രതികള്‍ നാലുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുമാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രണ്ടാംപ്രതി മാഹീനെ പൊലീസ് പിടികൂടിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പൂന്തുറ എസ്.എച്ച്.ഒ സാജു, എസ്.ഐമാരായ സുനില്‍, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാലാം പ്രതി വെള്ള മാഹീന് ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.