തീരക്കടലില്‍ മത്സ്യോൽപാദനം കൂട്ടാന്‍ കൃത്രിമ കൂടൊരുക്കി ഫിഷറീസ്
text_fieldsപൂന്തുറ: തീരക്കടലില്‍ മത്സ്യോൽപാദനം കൂട്ടാനുള്ള കര്‍മപരിപാടികള്‍ക്ക് ഫിഷറീസ് വകുപ്പ് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വേളി തീരക്കടലില്‍ 310 കോണ്‍ക്രീറ്റ് കൃത്രിമപാരുകള്‍ കഴിഞ്ഞ ദിവസം നിക്ഷേപിച്ചു.
ഫിഷറീസ് വകുപ്പിനുവേണ്ടി തീരദേശവികസന കോര്‍പറേഷനാണ് കൃത്രിമ പാരുകള്‍ നിർമിച്ചത്. 70 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. വേളിക്ക് പിന്നാലെ പുതിയതുറയിലും പൂവാറിലും ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവില്‍ 310 കൃത്രിമപാരുകള്‍ വീതം ഉടന്‍ കടലിലിറക്കും.
തീരക്കടലില്‍ ഇറക്കുന്ന കൃത്രിമ പാരുകളില്‍ പായലും കടല്‍സസ്യങ്ങളും വളര്‍ന്ന് പ്രത്യേക ആവാസ വ്യവസ്ഥ ഉണ്ടാകുന്നതോടെ ചെറുമത്സ്യങ്ങള്‍ എത്തുകയും ഇരതേടി വലിയ മത്സ്യങ്ങള്‍ എത്തുമെന്നുമാണ് കണക്കുകൂട്ടല്‍. മുമ്പ് തീരക്കടലില്‍ ചിലയിടങ്ങളില്‍ കൃത്രിമ പാരുകള്‍ സ്ഥാപിച്ച് കാമറകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാരുകളുടെ സമീപത്ത് മത്സ്യങ്ങളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കൂടുതല്‍ പാരുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
മുമ്പ് മലയാളികളുടെ ഇഷ്ടവിഭവങ്ങളായ ചെറിയ, ഇടത്തരം മത്സ്യങ്ങള്‍ തീരക്കടല്‍ കേന്ദ്രീകരിച്ചായിരുന്നു ആവാസം ഉറപ്പിച്ചിരുന്നത്.
തീരക്കടലിലേക്ക് അമിതമായ രീതിയില്‍ രാസമാലിന്യങ്ങള്‍ ഒഴുകിയിറങ്ങുന്നതും തുറമുഖ ട്രഡ്ജിങ് ആരംഭിച്ചതും തീരക്കടലിന്റെ ആവാസവ്യവസ്ഥയെതന്നെ തകിടം മറിച്ചു. ഇതോടെ തീരക്കടലില്‍നിന്ന് പല മത്സ്യങ്ങളും അപ്രത്യക്ഷമായി.
കണവകളെ ആകര്‍ഷിക്കുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ ക്ലാഞ്ഞിലുകള്‍ കെട്ടി താഴ്ത്തുമായിരുന്നു. ഇത് നിരോധിച്ചതോടെ പഴയ ടയറുകള്‍ കടലില്‍ കെട്ടിത്താഴ്ത്തി കൃത്രിമപാരുകള്‍ സ്യഷ്ടിച്ചത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്തു.
ഇതെല്ലാം കൂടി കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പ് കോണ്ക്രീറ്റുകട്ടികളില് കൃത്രിമ പാരുകള്‍ സ്ഥാപിച്ച് പുതിയ ആവാസഥ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യസമ്പത്ത് കൂട്ടാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.