പൂന്തുറ കൊലപാതകം; മൂന്നാംപ്രതി പിടിയിൽ, ഒരാൾ കടൽകടന്നു
text_fieldsപൂന്തുറ: ബീമാപളളി മുട്ടത്തറ സ്വദേശി ഷിബിലിയെ (32) മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഇനാസിനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെല്‍വേലിക്ക് സമീപം ഉറവിയില്‍ നിന്ന് പൂന്തുറ പൊലീസ് പിടികൂടിയിരുന്നു. സംഭവ ശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേക്ക് രക്ഷപ്പെട്ട മൂന്നാം പ്രതി ഇനാദിന്റെ കൂട്ടാളി സഫീർഖാൻ (22) പിടിയിലായി.
ഒന്നും രണ്ടും പ്രതികളായ ഇനാസ്, ഇനാദ് എന്നിവരുടെ സുഹൃത്തുമായ ബീമാപളളി വാര്‍ഡ് ടി.സി 70 /272 ല്‍ പുതുവല്‍ പുരയിടത്തില്‍ സഹീര്‍ ഖാനെ ബീമാപളളി ഭാഗത്തു നിന്നാണ് തിങ്കളാഴ്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈക്കില്‍ ഇനാദിനൊപ്പം പെരുമാതുറയിലേക്ക് രക്ഷപ്പെട്ട സഹീറിനെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ദിവസം പെരുമാതുറയിലുളള ഇനാദിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പൊലീസ് വരുന്ന വിവരമറിഞ്ഞ് ഇനാദ് മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന.
കഴിഞ്ഞ 15 ന് വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽപെട്ടതുമായ ഷിബിലി മര്‍ദനമേറ്റ് മരിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഇനാദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍ സെല്ലല്‍ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഇനാദും സഫീർഖാനും മത്സ്യബന്ധന ബോട്ടില്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 10.15 വരെ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പെരുമാതുറയില്തന്നെയായിരുന്നു.
എന്നാല്‍ പെരുമാതുറയിലെ ഒളിത്താവളത്തില്‍ നിന്ന് ഇനാദ് ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് രക്ഷപ്പെട്ടതെന്നാണ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ പൊലീസിന് മനസിലാക്കാന്‍ സാധിച്ചത്. ഇനാദും സുഹൃത്ത് സഫീറും രണ്ട് ദിവസം പെരുമാതുറയില്‍ ഒളിവില്‍ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാന്‍ കഴിയാഞ്ഞതില്‍ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ഇനാദ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ബീച്ചിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കടലിന്റെ ചലനങ്ങൾ വ്യക്തമായി അറിയാവുന്ന പ്രതികള്‍ മാസങ്ങളോളം ഉള്‍കടലില്‍ മീന്‍ പിടിക്കുന്ന ബോട്ടുകളില്‍ കഴിഞ്ഞുകൂടാനും സാധ്യതയുളളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്കൂടിയായതിനാല് ഇവര്‍ക്ക് മത്സ്യത്തൊളിലാളികളുമായി നല്ല ബന്ധമാണുളളത്. അതിനാല്‍ ഒരു ബോട്ട് മടങ്ങിയാലും ഏതെങ്കിലും ബോട്ടില്‍ ഇവര്‍ക്ക് അഭയം ലഭിക്കാന്‍ സാധ്യതയുളളതായി ഇനാസില് നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ആഹാരവും മത്സ്യബന്ധനത്തൊഴിലാളികള്‍ എത്തിക്കും. സമയ ബന്ധിതമായി പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ കടല്‍ മാര്‍ഗ്ഗം വിദേശത്തേക്ക് കടക്കാനുളള സാധ്യതയുമുണ്ട്.
തമിഴ്നാട്ടിലെ മത്സ്യബന്ധന കേന്ദ്രങ്ങളുമായി ബന്ധമുള്ള ലഹരി മാഫിയ സംഘങ്ങളുമായി ഇനാദിന് ബന്ധമുളളതായും അവിടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നെും പറയുന്നു. ഇതിന്റെ അടിസ്ഥനത്തില്‍ അന്വേഷണ സംഘം കോസ്റ്റല്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഇനാദിനെ ഒട്ടും വൈകാതെ തന്നെ പിടികൂടാനുളള കെണികള്‍ പൊലീസ് സജ്ജമാക്കിയതായിട്ടാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.