മൺപാത്രനിർമാണം: സർക്കാറുകൾ അവഗണിച്ച പരമ്പരാഗത മേഖല
text_fieldsഅമ്പലത്തറ: കളിമണ്‍പാത്ര നിര്‍മാണ മേഖലയില്‍ പരിഷ്കരണങ്ങള്‍ കൊണ്ടുവരമെന്ന് സര്‍ക്കാറുകള്‍ പ്രഖ്യാപനം നടത്താറുണ്ടങ്കിലും ഒന്നുപോലും നടപ്പാകാത്തതാണ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണം.
2010ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ മണ്‍പാത്ര നിര്‍മാണ മേഖലയെപ്പറ്റി പഠിക്കുന്നതിന് കോവൂര്‍ കുഞ്ഞുമോന് ചെയര്‍മാനായി കമീഷന് രൂപവത്കരിച്ചിരുന്നു. ദിവസങ്ങളോളം തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് നേരിട്ട് മനസ്സിലാക്കിയാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണ്‍പാത്ര നിര്‍മാണ മേഖലയില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. ഈ മേഖല അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വിശദമായി സൂചിപ്പിച്ച റിപ്പോർട്ട് അടിയന്തര നടപടികള്‍ വേഗത്തില്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. തുടര്‍നടപടികളും ഉണ്ടായില്ല.
നിലവില്‍ സംസ്ഥാനത്ത് എട്ടുലക്ഷം പേരാണ് മണ്‍പാത്ര നിര്‍മാണമേഖലയില്‍ ഉള്ളതെന്നാണ് കണക്കുകള്‍. പഞ്ചായത്തുതലം മുതല്‍ സംസ്ഥാനം വരെയുള്ള ഒരു തലത്തിലുമുള്ള ആസൂത്രണ പ്രക്രിയയിലും മേഖലയെ പരമാര്ശിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാർ ആനുകൂല്യങ്ങള്‍ ഈ മേഖലക്ക് കിട്ടാത്ത അവസ്ഥയാണ്.
നല്ല കളിമണ്ണിന്റെ ലഭ്യത, നവീന സാങ്കേതികവിദ്യ, സര്‍ക്കാര്‍ സബ്സിഡി, വിതരണ രീതികളിലെ പുതുമ ഇവയുണ്ടെങ്കിലേ ഇപ്പോള്‍ പിടിച്ചുനില്ക്കാന് കഴിയൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്. പുകയില്ലാത്ത അടുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പോട്ട് കമ്പോസ്റ്റിങ് തുടങ്ങിയ പദ്ധതികളില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ സാഹചര്യത്തിന് മാറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയുമുണ്ട് ഇവര്‍ക്ക്.
പരമ്പരാഗത തൊഴില്‍ നിലനിര്‍ത്താന്‍ സഹായിക്കുക, കളിമണ്ണ് ഖനത്തിനുള്ള പെര്‍മിറ്റും ലൈസന്‍സും ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, മണ്‍പാത്ര നിര്‍മാണത്തിനുള്ള കളിമണ്ണ് ശേഖരണത്തെ മൈനിങ്ങില്‍ നിന്ന് ഒഴിവാക്കുക, ആധുനിക യന്ത്രസംവിധാനങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി തൊഴില്‍സാധ്യതയുള്ള മേഖലയാക്കി മാറ്റുക, മണ്‍പാത്ര നിര്‍മാണത്തിനാവശ്യമായ ചക്രങ്ങളും യന്ത്രങ്ങളും സബ്സിഡി നിരക്കില്‍ ലഭ്യമാക്കുക, തൊഴിലാളികള്‍ക്ക് സമഗ്രമായ പാക്കേജ് നടപ്പിലാക്കുക, കളിമണ്ണിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ എല്ലാ ജില്ലകളിലും അഞ്ച്ഏക്കര്‍ സ്ഥലം അനുവദിക്കുക, നവീന ഡിസൈനുകളില്‍ തൊഴില്‍പരിശീലനം നല്‍കുക, പുതിയ വിപണിയില്‍ മണ്‍പാത്രങ്ങള്‍ക്കും വിപണി കെണ്ടത്താന്‍ അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളി സംഘങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുവെങ്കിലും ഒന്നിനും നടപടികളില്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.