വൈദ്യുതി മേഖല നവീകരണം: 700.58 കോടി അധികം ചെലവിടും
text_fieldsതിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 700.58 കോടി കൂടി അധികമായി ചെലവിടും. അനിവാര്യമായ വിവിധ പദ്ധതികൾക്ക് നേരത്തേ തയാറാക്കിയ തുക അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 2027 വരെയുള്ള മൂലധന നിക്ഷേപ പദ്ധതി ചെലവായി 4016.1 കോടി രൂപയാണ് റെഗുലേറ്ററി കമീഷന് സമർപ്പിച്ചിരുന്നത്. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത, സോളാർ ഉൾപ്പെടെ വിതരണ മേഖലയിൽ വന്ന പുതിയ മാറ്റങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ഇതിൽ മാറ്റം വരുത്തിയത്. തുടർന്നാണ് 700.58 കോടിയുടെ പദ്ധതികൾ കൂടി കൂട്ടിച്ചേർത്ത് 4716.68 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിന് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അനുമതി നൽകി.
ഈ സാമ്പത്തിക വർഷം 803.47 കോടി, 2025-26ൽ 1431.93 കോടി, 2026-27ൽ 1328.2 കോടി എന്നിങ്ങനെയാണ് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവിടുക. കഴിഞ്ഞ വേനലിലെ വൈദ്യുതി ആവശ്യകത വിതരണ ശൃംഖലക്ക് താങ്ങാവുന്നതിലുമധികമായിരുന്നു. പീക്ക് സമയങ്ങളിൽ ട്രാൻസ്ഫോർമറുകളടക്കം തകരാറിലാവുന്ന സ്ഥിതിയുണ്ടായി. ലോഡ് കൂടുതലുള്ളയിടങ്ങളിൽ നിന്ന് കുറഞ്ഞയിടങ്ങളിലേക്ക് ട്രാൻസ്ഫോർമർ ക്രമീകരിച്ചും മറ്റുമാണ് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങാതെ മുന്നോട്ട് പോകാനായത്. സമാന സ്ഥിതി വരുന്ന വേനലിലും പ്രതീക്ഷിക്കാമെന്നതുകൊണ്ടുതന്നെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നൽകാനുള്ള തീരുമാനത്തിലാണ് കെ.എസ്.ഇ.ബി.
സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായ ജോലികൾക്കൊപ്പം മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകൾക്കായുള്ള 1023.04 കോടിയുടെ പദ്ധതിക്കും ഡയറക്ടർ ബോർഡ് അനുമതി നൽകി. മലപ്പുറം പ്രത്യേക പാക്കേജിന്റെ ഭാഗമായി ഇലക്ട്രിക്കൽ സർക്കിളുകളായ തിരൂർ- 257.52 കോടി, മഞ്ചേരി-113.23 കോടി, നിലമ്പൂർ- 40.18 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. മലപ്പുറം പാക്കേജിനായി ആകെ 410.93 കോടി ചെലവിടും. കാസർകോട് പ്രത്യേക പാക്കേജിന് 394.15 കോടി, ഇടുക്കി പാക്കേജ്-217.96 കോടി എന്നിങ്ങനെയും വിനിയോഗിക്കും.
മലപ്പുറത്തിന് സമാനമായ പിന്നാക്കാവസ്ഥ വൈദ്യുതി വിതരണ മേഖലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാസർകോട്, ഇടുക്കി ജില്ലകൾക്കും പ്രത്യേക പാക്കേജിന് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.