പ്രാർഥനയും കാത്തിരിപ്പും വിഫലം; നവദമ്പതികളുടെ വേർപാടിൽ വിങ്ങി പള്ളിക്കൽ
text_fieldsകിളിമാനൂർ: ഒരുരാത്രിയിലെ രക്ഷാപ്രവർത്തനവും ബന്ധുക്കളുടെ കാത്തിരിപ്പും നാട്ടുകാരുടെ പ്രാർഥനയും വിഫലമായി. നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഗ്നിശമനസേന സ്കൂബാ ടീം അംഗങ്ങൾ പള്ളിക്കൽ പുഴയുടെ ആഴങ്ങളിൽനിന്ന് കരയിലേക്കെത്തി. ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദീഖിന്റെ മൃതദേഹവും ആംബുലൻസിലേക്ക് മാറ്റുമ്പോൾ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും വിങ്ങി.
കടയ്ക്കൽ കുമ്മിൾ ചോനാംമുകളിൽ വീട്ടിൽ സിദ്ദീഖ്(27), ഭാര്യ നൗഫിയ (21), നൗഫിയയുടെ ബന്ധു പകൽക്കുറി ഇടവേലിയ്ക്കൽ പുത്തൻവീട്ടിൽ സൈനുലാബ്ദീൻ - ഹസീന ദമ്പതികളുടെ മകൻ അൻസൽഖാൻ (21) എന്നിവരാണ് ശനിയാഴ്ച വൈ കീട്ട് അഞ്ചോടെ ഇത്തിക്കരയാറ്റിന്റെ പള്ളിക്കൽപ്പുഴ താഴെഭാഗം കടവിൽ വെള്ളത്തിൽ അകപ്പെട്ടത്.
പാറയിൽനിന്ന് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കവേ പുഴയിൽ വീണതാകാമെന്നാണ് നിഗമനം. അൻസൽഖാന്റെ മൃതദേഹം ശനിയാഴ്ച രാത്രി 9.30ഓടെ നാട്ടുകാർ കണ്ടെത്തിയിരുന്നു.
രാത്രിയോടെയെത്തിയ സ്കൂബ ടീം ഞായറാഴ്ച പുലർച്ച മൂന്നു വരെ രക്ഷാപ്രവർത്തനം തുടർന്നു. അപകടംനടന്ന ഭാഗത്തെ വെളിച്ചക്കുറവും ആഴവും പാറക്കെട്ടും തടസ്സമായതോടെ തിരച്ചിൽ നിർത്തിവെച്ചു. പിന്നീട് രാവിലെ ഏഴുമുതൽ വീണ്ടും തുടങ്ങി.
രാവിലെ 7.30ന് നൗഫിയയുടെയും എട്ടിന് സിദ്ദീഖിന്റെയും മൃതദേഹങ്ങൾ അടുത്തടുത്ത് നിന്നായി കണ്ടെടുത്തു. ദമ്പതികളെ കാണാതായ കടവിന് താഴെഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും പുഴയിൽ മുങ്ങിയതാകാമെന്നാണ് നിഗമനം. പുഴയിൽ വലയിടാനെത്തിയ പ്രദേശവാസി ബൈക്കും ചെരിപ്പുകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് നാട്ടുകാരെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അൻസൽഖാന്റെ മൃതദേഹം വീട്ടിലെത്തിച്ചശേഷം മൂതല താഴെഭാഗം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സിദ്ദീഖിന്റെയും നൗഫിയയുടെയും മൃതദേഹം നൗഫിയയുടെ അർക്കന്നൂർ കാരാളികോണം കാവതിയോട് പച്ചയിൽ വീട്ടിലും, പിന്നീട് സിദ്ദീഖിന്റെ വീട്ടിലും എത്തിച്ചു. കുമ്മിൾ കിഴുനില മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.