തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം 50 ശതമാനമാക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് സ്ത്രീകളെ നയിച്ചാല്‍ മാത്രമേ സ്ത്രീപുരുഷ സമത്വം പൂര്‍ണമായി സാധ്യമാകൂ. സര്‍ക്കാറും അതിനായി ശ്രമിക്കുകയാണ്. ദേശീയ സരസ്സ് മേള കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡല്‍ യൂനിറ്റുകളായാണ് കുടുംബശ്രീയെ കണക്കാക്കുന്നത്. കോവിഡ് ഏൽപിച്ച ആഘാതത്തില്‍നിന്ന് തിരിച്ചുവരികയാണ് ലോകം. നമ്മുടെനാടും ആ പാതയിലാണ്. വന്‍കിട സംരംഭങ്ങള്‍ക്ക് സമാനമായി ചെറുകിട സംരംഭങ്ങളെയും പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കനകക്കുന്നിൽ ഏപ്രിൽ 10 വരെ നടക്കുന്ന മേളയിൽ 250 ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകളും 25 ഫുഡ് കോർട്ടുകളുമാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രി എം.വി. ഗോവിന്ദന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, തദ്ദേശവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ഡോ.കെ.ആര്. ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
1000ത്തോളം സംരംഭകർ
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 1000ത്തോളം സംരംഭകരാണ് വിപണന സ്റ്റാളുകളിലും ഫുഡ്കോർട്ടിലുമായി മേളയുടെ ഭാഗമാകുന്നത്. വനിതാ സ്വയംസഹായ സംഘങ്ങൾ നിർമിക്കുന്ന കരകൗശല, കൈത്തറി, തദ്ദേശനിർമിത ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും മേളയുടെ ആകർഷണീയത വർധിപ്പിക്കും. ഇന്ത്യ ഓൺ യുവർ പ്ലേറ്റ് എന്ന ആശയത്തിന് കീഴിൽ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 100ലധികം തദ്ദേശ വനിത സംരംഭകരാണ് ഇന്ത്യ ഫുഡ് കോർട്ടിലെത്തുക.
സെമിനാറുകൾ, ചർച്ചകൾ, ഓപൺ ഫോറങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും. ഇതിനുപുറമെ എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും മേളയുടെ മാറ്റുകൂട്ടും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ സീരിയൽ താരം മനീഷ മഹേഷും സംഘവും അവതരിപ്പിക്കുന്ന തീം ഡാൻസ് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.