‘പ്രോജക്ട് അനന്ത': വികസനക്കുതിപ്പിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
text_fieldsവലിയതുറ: അത്യാധുനിക രീതിയിലുള്ള വമ്പന്‍ വികസനവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ 1300 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾ നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ രൂപരേഖ തയാറായിക്കഴിഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന വിമാനത്താവള വികസന കോണ്‍ക്ലേവിലാണ് അദാനി ഗ്രൂപ് രൂപരേഖയുടെ പ്രഖ്യാപനം നടത്തിയത്. വ്യവസായ രംഗത്തെ പ്രമുഖര്‍, അദാനി ഗ്രൂപ് അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാക്കയിലെ നിലവിലെ രണ്ടാം ടെര്‍മിനലിനോടുചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. പദ്ധതി 'പ്രോജക്ട് അനന്ത' എന്ന പേരിലാണ് അറിയപ്പെടുക. അത്യാധുനിക തരത്തിലുള്ള ടെര്‍മിനല്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ വാസ്തുമാതൃകകളെ അനുകരിച്ചാണ് നിര്‍മിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 45,000 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ 3.2 മില്യന്‍ യാത്രക്കാരെ വര്‍ഷത്തില്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനലാണ് നിലവിലുള്ളത്. 1,65,000 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ പ്രതിവര്‍ഷം 12 മില്യന്‍ യാത്രക്കാരെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ ഇന്റിഗ്രേറ്റഡ് ടെര്‍മിനലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാകും നിര്‍മാണം.
പുതിയ ടെര്‍മിനലില്‍ ഒരു ഹോട്ടല്‍, ഫുഡ് കോര്‍ട്ട് എന്നിവയും യാത്രികരുടെ സൗകര്യത്തിനായി പർച്ചേസിങ് ഏരിയയും അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും സജ്ജമാക്കും. നിര്‍മാണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. നിലവിലെ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായശേഷം ശംഖുംമുഖത്തുള്ള ആഭ്യന്തര ടെര്‍മിനലിന്റെ നവീകരണപ്രവര്‍ത്തനങ്ങളും നടത്തും.
അടുത്തിടെ ചാക്കയിലെ അന്താരാഷ്ട ടെര്‍മിനലില്‍നിന്നുള്ള ഏതാനും ആഭ്യന്തര സര്‍വിസുകള്‍ ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റിയിരുന്നു. ചാക്കയിലെ പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര സര്‍വിസുകളും ഇവിടെനിന്ന് നടത്താനാകും.
എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ കമ്പനികളുടെ ആഭ്യന്തര സര്‍വിസുകള്‍ പുതിയ ടെര്‍മിനലില്‍നിന്ന് നടത്താനാവും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.