പ്രവാചകനിന്ദ: പ്രതിഷേധം അലയടിച്ച് രാജ്ഭവൻ മാർച്ച്
text_fieldsതിരുവനന്തപുരം: പ്രവാചകനിന്ദയിലും പ്രതിഷേധക്കാരുടെ വീടുകൾ തകർക്കുന്ന നടപടിയിലും പ്രതിഷേധിച്ച് തിരുവനന്തപുരം മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കായിക്കര ബാബു ഉദ്ഘാടനം ചെയ്തു.
മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യക്ക് പ്രവാചകനിന്ദയിലൂടെ ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവന്നെന്ന് അദ്ദേഹം പറഞ്ഞു. മതമൈത്രിക്കുവേണ്ടിയുള്ള ഉജ്ജ്വല ചരിത്രമുള്ള രാജ്യത്താണ് ചിലർ പ്രവാചകനിന്ദ നടത്തിയതെന്നും അത് ഇന്ത്യയുടെ പാരമ്പര്യം തകർക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹത്തിൽ ഗാന്ധിഘാതകരുടെയും ബാബരി മസ്ജിദ് തകർത്തവരുടെയും സർട്ടിഫിക്കറ്റ് രാജ്യത്തെ മുസ്ലിംകൾക്ക് ആവശ്യമില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി പറഞ്ഞു.
ഏതെങ്കിലും ഖാൻമാർക്കും കുട്ടിമാർക്കും ഗാന്ധിഘാതകരുടെ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വേണമെങ്കിൽ അവർ വാങ്ങിക്കോളൂ. സകല ലോകത്തിനും അനുഗ്രഹമായ പ്രവാചകനെ നിന്ദിക്കാനുള്ള ശ്രമം കണ്ടുകൊണ്ട് നിൽക്കാനാകില്ല. പ്രവാചകനെ അപമാനിക്കുന്നവരെ ആദരിക്കുന്ന രാജ്യമായി ഇന്ത്യമാറി. അത്തരക്കാരെ ഗവർണർമാരാക്കുകയും ആദരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി വൈസ്ചെയർമാൻ ഡോ. നിസാറുദ്ദീൻ അധ്യക്ഷതവഹിച്ചു.
ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ് ഹസൻ ബസരി മൗലവി, എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി സി. അബ്ദുൽ ഹമീദ്, പാനിപ്ര ഇബ്രാഹിം മൗലവി (ഖതീബ് ആൻഡ് ഖാദി ഫോറം), പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് റഷീദ് മൗലവി, മെക്ക ദേശീയ സെക്രട്ടറി പ്രഫ. അബ്ദുൽ റഷീദ്, അർഷദ് മുഹമ്മദ് നദ്വി (ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), അർഷദ് മൗലവി കല്ലമ്പലം (ഉലമ സംയുക്ത സമിതി), മുഹമ്മദ് സുധീർ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ) എന്നിവർ സംസാരിച്ചു. അഡ്വ.എ.എം.കെ. നൗഫൽ സ്വാഗതവും നിസാർ മൗലവി കല്ലാട്ടുമുക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.